വെസ്റ്റേണ്‍ കാനഡയ്ക്ക് ലഭിക്കുന്ന ഫെഡറല്‍ സര്‍ക്കാര്‍ ധനസഹായം പര്യാപ്തമല്ല; കടുത്ത വിമര്‍ശനം ഉന്നയിച്ച് ബീസി പ്രീമിയര്‍ 

By: 600002 On: Jun 13, 2024, 7:45 PM

 

വെസ്‌റ്റേണ്‍ കാനഡയ്ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം പര്യാപ്തമല്ലെന്ന അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി. ഫെഡറല്‍ ഗവണ്‍മെന്റ് ക്യുബെക്കിനും ഒന്റാരിയോയ്ക്കും പ്രത്യേകം പരിഗണന നല്‍കുകയും ബീസിയുടെ ആശങ്കകള്‍ കേവലം അഭയാര്‍ത്ഥി പ്രശ്‌നമാണെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സൂചിപ്പിക്കുന്നത് ഉചിതമല്ലെന്നും എബി പറയുന്നു. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ക്യുബെക്കിന് 750 മില്യണ്‍ ഡോളര്‍ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റേണ്‍ പ്രീമിയേഴ്‌സ് കോണ്‍ഫറന്‍സില്‍ ഡേവിഡ് എബി വിമര്‍ശനം ഉന്നയിച്ചത്. 

കാനഡയിലേക്ക് വരുന്ന കൂടുതല്‍ അഭയാര്‍ത്ഥികളെ ബ്രിട്ടീഷ് കൊളംബിയ ഏറ്റെടുക്കണമെന്ന് മില്ലര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അഭയം തേടി വരുന്നവരെക്കുറിച്ച് മാത്രമാണ് മന്ത്രി പരാമര്‍ശിക്കുന്നതെന്നത് വിവേകശൂന്യമാണെന്ന് എബി അഭിപ്രായപ്പെട്ടു. ഒന്റാരിയോയിലും ക്യുബെക്കിലും കാര്‍ ഫാക്ടറികള്‍ നിര്‍മിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. ബീസിയില്‍ മാസി ക്രോസിംഗിനു പോലും ന്യായമായ വിഹിതം അനുവദിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ വിസമ്മതിച്ചെന്ന് എബി പറഞ്ഞു.