തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര്‍ മലയാളികളാണെന്നും ഔദ്യോഗിക സ്ഥിരീകരണം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ 23 പേര്‍ മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം, മരിച്ചവരില്‍ 49 പേര്‍ ഇന്ത്യക്കാരാണെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞുവെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 49 ഇന്ത്യക്കാര്‍ മരിച്ചതായാണ് വിവരമെന്നും ഇതില്‍ തിരിച്ചറിഞ്ഞ 46 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അജിത്ത് കോളശേരി പറഞ്ഞു.
മൂന്നു പേരെ തിരിച്ചറിയാനുണ്ടെന്ന് അജിത്ത് കോളശേരി പറഞ്ഞു. തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9പേര്‍ പരിക്കേറ്റ ഗുരുതരാവസ്ഥയിലാണെന്നും അജിത്ത് കോളശേരി പറഞ്ഞു.
40 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് സംബന്ധിച്ച വിവരം ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടിയിട്ടില്ല. കുവൈത്ത് എയർവെയ്സ് ചാറ്റേർഡ് ഫ്ലൈറ്റിൽ മൃതദേഹങ്ങള്‍ എത്തിക്കുമെന്നാണ് കിട്ടുന്ന വിവരം. ഏത് വിമാനത്താവളത്തിലായിരിക്കും വിമാനം എത്തുക എന്ന് വ്യക്തമായിട്ടില്ല. കേരളത്തിൽ എത്തിച്ചതിന് ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.