ഊബര്‍, ഡോര്‍ഡാഷ്, സ്‌കിപ്പ് ദി ഡിഷസ് തുടങ്ങിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളുടെ റൈഡ്-ഹെയ്‌ലിംഗ്, ഡെലിവറി ജീവനക്കാര്‍ക്ക് മിനിമം വേതനവും അടിസ്ഥാന പരിരക്ഷയും ഏര്‍പ്പെടുത്തുന്നതിനുള്ള നിയമങ്ങള്‍ക്ക് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ അന്തിമരൂപം നല്‍കി. സെപ്തംബര്‍ 3 മുതല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. കാനഡയില്‍ ഇതാദ്യമായാണ് ഈ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ബീസി ലേബര്‍ മിനിസ്ട്രി പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ, പ്രവചനാതീതമായ വേതനം, ടിപ്പ് പ്രൊട്ടക്ഷന്‍, കോംപന്‍സേഷന്റെ അഭാവം എന്നിവയുള്‍പ്പെടെ ജീവനക്കാരുടെ പ്രശ്‌നങ്ങളെയും ആശങ്കകളെയും മുന്‍നിര്‍ത്തിയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിയമ പ്രകാരം, ഒരു തൊഴിലാളി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്തെ മിനിമം വേതനം മണിക്കൂറിന് 20.88 ഡോളറായി നിശ്ചയിക്കുന്നു. ഇത് ബീസിയുടെ പൊതു മിനിമം വേതനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഉപഭോക്താക്കളുടെ 100 ശതമാനം ടിപ്പുകളും തൊഴിലാളികളിലേക്ക് പോകും. തൊഴിലാളികളെ അവരുടെ ചെലവുകള്‍ വഹിക്കാന്‍ സഹായിക്കുന്നതിന് ഒരു കിലോമീറ്ററിന് 35 മുതല്‍ 45 സതമാനം വരെ വാഹന അലവന്‍സ് നല്‍കും. കോംപന്‍സേഷന്‍ ഏജന്‍സി വഴിയുള്ള കവറേജും നിയമം വഴി ഉറപ്പാക്കും.
റൈഡ്-ഹെയ്‌ലിംഗ് ഡെലിവറി കമ്പനികള്‍ WorkSafeBC യില്‍ കവറേജിനായി രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രീമിയങ്ങള്‍ അടയ്ക്കാനും പരുക്കുകളോ മറ്റും റിപ്പോര്‍ട്ട് ചെയ്യാനും അന്വേഷിക്കാനും ഉത്തരവാദികളായിരിക്കുമെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വ്യക്തമാക്കി.