ക്യുബെക്കില്‍ പുതിയ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രവിശ്യയിലെ വൗഡ്രെയില്‍-സൗലാഞ്ചസില്‍ നിര്‍മിക്കുന്ന ആശുപത്രി 2026 ല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ തുറക്കുന്നതിന് മുമ്പ് ആശുപത്രിയില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ആവശ്യമുണ്ട്. ഇതിനായി റിക്രൂട്ട് ക്യാമ്പയിന്‍ നടക്കുകയാണ് ഇപ്പോള്‍. റീജിയണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കണക്കനുസരിച്ച്, മാനേജര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 4,800 ലധികം തസ്തികകളാണ് നികത്തേണ്ടത്.
അതേസമയം, ആരോഗ്യ പരിപാലന സംവിധാനത്തിന്റെ നിലവിലെ അവസ്ഥയും ജീവനക്കാരുടെ കുറവും കണക്കിലെടുക്കുമ്പോള്‍ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് വലിയ വെല്ലുവിളിയായിരിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഡി മോണ്‍ട്രിയല്‍ പ്രൊഫസര്‍ റെജിസ് ബ്ലെയ്‌സ് പറയുന്നു. 5000 ത്തിനടുത്ത് പേരെ റിക്രൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധമുട്ടുള്ള കാര്യമാണ്. 2026 ല്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തസ്തികകള്‍ നികത്തേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.