കാല്‍ഗറി നഗരത്തില്‍ വ്യാജ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി കാല്‍ഗറി പാര്‍ക്കിംഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്. കാല്‍ഗറി പാര്‍ക്കിംഗ് അതോറിറ്റി ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. പാര്‍ക്കിംഗ് ലംഘനം നടത്തിയതിന് പിഴ ഈടാക്കിയിട്ടുണ്ടെന്ന് അറിയിച്ച് വാഹന ഉടമകള്‍ക്ക് സന്ദേശം അയക്കുന്നു. ഇത് വിശ്വസിക്കുന്നവര്‍ പിഴ അടയ്ക്കുകയും ചെയ്യുന്നു.
കാല്‍ഗറി പാര്‍ക്കിംഗ് അതോറിറ്റിക്ക് സമാനമായ വെബ്സൈറ്റ് വഴിയാണ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഫൈന്‍ ടേബിള്‍ ഉള്‍പ്പെടെ അതോറിറ്റിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് സമാനമായ വിവരങ്ങള്‍ വ്യാജ വെബ്സൈറ്റില്‍ ഉണ്ടാകും.
എന്നാല്‍ വ്യാജ വെബ്സൈറ്റുകളെ തിരിച്ചറിയണമെന്നും calgaryparking.com/tickets, parkingtickets.calgaryparking.com എന്നിവയാണ് തങ്ങളുടെ ഔദ്യോഗിക പേയ്മെന്റ് വെബ്സൈറ്റുകളെന്നും സിപിഎ വ്യക്തമാക്കി. വ്യാജ ടിക്കറ്റ് ലഭിച്ചാല്‍ അത് തിരിച്ചറിയണമെന്നും ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും അതിലെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കരുതെന്നും സിപിഎ മുന്നറിയിപ്പ് നല്കി. വ്യാജ ടിക്കറ്റ് ആണെന്ന് സ്ഥിരീകരിക്കാന്‍ അതില്‍ അച്ചടിച്ചിരിക്കുന്ന നമ്പര്‍ ഉപയോഗിച്ച് സിപിഎയെ 403-537-7000 എന്ന നമ്പറില്‍ വിളിച്ച് സംശയം ദൂരീകരിക്കുകയോ അല്ലെങ്കില്‍ ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ച് പരിശോധിക്കുകയോ ചെയ്യണമെന്ന് സിപിഎ മുന്നറിയിപ്പ് നല്കി.