ഇന്ത്യന്‍ ജ്വല്ലറിക്കെതിരെ പരാതിയുമായി യുഎസ് യുവതി

By: 600007 On: Jun 13, 2024, 7:54 AM

 

പിങ്ക് സിറ്റി എന്ന് വിശ്വവിഖ്യാതമായ ഇന്ത്യന്‍ നഗരം ജയ്പൂരില്‍ നിന്നും ഒരു യുഎസ് യുവതി വാങ്ങിയ ആഭരണങ്ങള്‍ ഒടുവില്‍ വ്യാജമാണെന്ന് കണ്ടെത്തി. 2022 ലാണ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ജോഹ്‌രി ബസാർ ഏരിയയിലെ ഒരു കടയിൽ നിന്ന് ചെറിഷ് എന്ന യുവതി ആഭരണങ്ങള്‍ വാങ്ങിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 300 രൂപ മാത്രമുള്ള ആഭരണം യുവതി വാങ്ങിയത് ആറ് കോടി രൂപയ്ക്കായിരുന്നു. ആഭരണത്തിന്‍റെ ആധികാരികത ഉറപ്പാക്കാന്‍ കടയുടമകളായ അച്ഛനും മകനും വ്യാജ സര്‍ട്ടിഫിക്കറ്റ് യുവതിക്ക് നല്‍കിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ആഭരണങ്ങളുമായി യുഎസിലേക്ക് തിരിച്ച് പോയ യുവതി. അവിടെ വച്ച ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പിന്നാലെ, മനക് ചൗക്ക് പോലീസില്‍ ചെറിഷ്, തന്നെ കടയുടമ കബളിപ്പിച്ചതായി പരാതി നല്‍കുകയായിരുന്നു. പക്ഷേ, കടയുടമ ഗൗരവ് സോണി യുവതിയുടെ വാദം നിരസിക്കുകയും തങ്ങള്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടെന്നും പോലീസ് പറയുന്നു. പോലീസ് റിപ്പോര്‍ട്ടിന് പിന്നാലെ യുവതി യുഎസ് എംബസിയുടെ സഹായം തേടിയതോടെ സംഭവം വാര്‍ത്തയായി. പിന്നാലെ ജയ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കടയുടമ ചെറിഷിന് നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തിലും ആഭരണത്തിലെ വജ്രങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞെന്ന് ജയ്പൂർ പോലീസ് ഡിസിപി ബജ്‌റംഗ് സിംഗ് ഷെഖാവത്ത് മാധ്യമങ്ങളെ അറിയിച്ചു. ആഭരണത്തില്‍ 14 കാരറ്റ് വേണ്ടിയിരുന്ന സ്വര്‍ണ്ണം വെറും രണ്ട് കാരറ്റ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതേസമയം കടയുടമകളായ അച്ഛനും മകനും ഒളിവിലാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമ്മിച്ച് നല്‍കിയ നന്ദകിഷോറിനെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന പ്രതിയായ ഗൗരവ് സോണിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരവ് സോണിയും രാജേന്ദ്ര സോണിയും കോടികളുടെ തട്ടിപ്പ് നടത്തിയെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഇരുവര്‍ക്കുമായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.