കുവൈത്ത് തീപിടുത്തം: കെട്ടിടം മലയാളി വ്യവസായിയുടെ കമ്പനിയുടെ കീഴിൽ

By: 600007 On: Jun 13, 2024, 6:01 AM

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എൻബിടിസിയുടെ കീഴിൽ. മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴച്ച രാവിലെയോടെയാണ് തീപടര്‍ന്നത്. ഏകദേശം 200 ജീവനക്കാര്‍ ഈസമയം ഈ ആറു നില കെട്ടിടത്തിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം. കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകൾ തുറക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ കുവൈറ്റ് അധികൃതർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ചവരിൽ ഭൂരിഭാഗവും കേരളം, തമഴിനാട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് ഉത്തരവാദികൾ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കി.