ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബാരോസും ഹോഷിനോയും

By: 600007 On: Jun 13, 2024, 5:57 AM

 

ശരീരത്തിന്‍റെ വലുപ്പത്തില്‍ അല്പം കുറവുണ്ടായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് പറയാതെ പറയുകയാണ് ബ്രസീലിയൻ ദമ്പതികളായ പൗലോ ഗബ്രിയേൽ ഡ സിൽവ ബാരോസും കറ്റ്യൂസിയ ലി ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന് ഇവരെ അംഗീകരിച്ചിരിക്കുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോർഡ്സ്. 2006 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടിങ്ങോട്ട് 15 വര്‍ഷക്കാലത്തെ സൌഹൃദം. ഒടുവില്‍ വിവാഹം. 


തന്‍റെ 31 -മത്തെ വയസിലാണ് 28 കാരിയായ കറ്റ്യൂസിയ ലി ഹോഷിനോയെ പൗലോ ഗബ്രിയേൽ ഡ സിൽവ വിവാഹം ചെയ്യുന്നത്. ഇതോടെ ഇരുവരെയും  ഉയരം കുറഞ്ഞ ദമ്പതികളായി ഔദ്യോഗികമായി   
 ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാം പേജിൽ പ്രഖ്യാപിച്ചു. പിന്നാലെ ഈ വാർത്ത ഏറെ പേരുടെ ശ്രദ്ധനേടി. തങ്ങളുടെ അഗാധമായ സന്തോഷവും ജീവിതത്തിലെ വെല്ലുവിളികളെയും തരണം ചെയ്ത് അചഞ്ചലമായ പ്രതിബദ്ധതയോടെ ഇരുവരും ഒരുമിച്ചത്

'ഞങ്ങള്‍ ഉയരം കുറഞ്ഞവരായിരിക്കാം, പക്ഷേ ഞങ്ങൾക്ക് വലിയ ഹൃദയങ്ങളുണ്ട്, ജീവിതത്തിൽ എല്ലാവരോടും ഒരുപാട് സ്നേഹമുണ്ട്. ഞങ്ങളുടെ ജീവിതം വെല്ലുവിളികളില്ലാത്തതല്ല, എന്നാൽ ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലഭിച്ചതിന് പിന്നാലെ പൗലോ ഗബ്രിയേൽ ഡ സിൽവ പറഞ്ഞു. ദമ്പതികളുടെ സംയുക്ത ഉയരം 181.41 സെന്‍റീമീറ്റർ (71.42 ഇഞ്ച്) ആണ്. പൗലോയുടെ ഉയരം 90.28 സെന്‍റീമീറ്റർ (35.54 ഇഞ്ച്) കറ്റ്യൂസിയയുടെ ഉയരം 91.13 സെന്‍റീമീറ്റർ (35.88 ഇഞ്ച്). സമൂഹ മാധ്യമ ഉപയോക്താക്കള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്‍റെ സമൂഹ മാധ്യമ പേജിലെത്തി.