ഏപ്രിലില്‍ സസ്ക്കാച്ചെവനിലെ കൃഷിയിടത്തില്‍ വീണ സ്പേസ് എക്സ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സ്പേസ് എക്സ് ജീവനക്കാരെത്തി ശേഖരിച്ചു. റെജീനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ഇറ്റുനയിലെ ബാരി സോചുക്ക് എന്ന കര്‍ഷകന്റെ കൃഷിയിടത്തിലാണ് ബഹിരാകാശ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. വിവരം അറിഞ്ഞ് സ്പേസ് എക്സ് കമ്പനി തന്നെ സമീപിച്ചതായും അവശിഷ്ടങ്ങള്‍ തിരികെ നല്കാന് ആവശ്യപ്പെട്ടതായും സോചുക്ക് പറഞ്ഞു.
തിരിച്ചുനല്‍കിയ അവശിഷ്ടങ്ങള്‍ക്ക് എത്ര തുക ലഭിച്ചുവെന്ന് സോചുക്ക് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നഷ്ടപരിഹാരത്തില്‍ താന്‍ സംതൃപ്തനാണെന്നും ഇത് കമ്മ്യൂണിറ്റിയില്‍ പുതിയ റിങ്ക് സ്ഥാപിക്കാന്‍ വിനിയോഗിക്കുമെന്നും സോചുക്ക് പറഞ്ഞു.
ഫെബ്രുവരിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് യാത്രക്കാരുമായി ഭൂമിയിലേക്ക് മടങ്ങിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ ഭാഗമാണ് അവശിഷ്ടങ്ങള്‍. അഞ്ച് കര്‍ഷകര്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള എട്ടോളം അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സോചുക്ക് പറഞ്ഞു.