ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിച്ചു 

By: 600002 On: Jun 12, 2024, 3:15 PM

 


കണ്‍സര്‍വേറ്റീവുകള്‍ എതിര്‍ത്തിട്ടും ലിബറല്‍ സര്‍ക്കാരിന്റെ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഹൗസ് ഓഫ് കോമണ്‍സില്‍ അംഗീകരിച്ചു. നികുതി മാറ്റത്തിനായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഹൗസ് ഓഫ് കോമണ്‍സില്‍ വോട്ട് രേഖപ്പെടുത്തി. എന്‍ഡിപിയും ക്യൂബെക്കോയിസും നികുതി മാറ്റത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഇത് നികുതി ചുമത്താവുന്ന ക്യാപിറ്റല്‍ ഗെയിന്‍സിനായുള്ള ഇന്‍ക്ലൂഷന്‍ നിരക്ക് വര്‍ധിപ്പിക്കും. നികുതി മാറ്റം ജൂണ്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും. 

ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, ക്ലീന്‍ ടെക്‌നോളജി എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് ധനസഹായം നല്‍കാനും കാനഡയില്‍ നികുതി നയങ്ങള്‍ മെച്ചപ്പെടുത്താനും മാറ്റങ്ങള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയ്‌ലിയേവ് ചൊവ്വാഴ്ച നടപടിയെ എതിര്‍ത്തു. ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, കൃഷി, ചെറുകിട ബിസിനസ് എന്നിവയിലെ ജോബ്-കില്ലിംഗ് ടാക്‌സ് എന്നാണ് ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സിനെ പൊയ്‌ലിയേവ് വിശേഷിപ്പിച്ചത്. 

ചൊവ്വാഴ്ച വോട്ടെടുപ്പിന് മുന്നോടിയായുള്ള ചോദ്യാവലിയില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിക്കുന്നുവെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആരോപിച്ചു. എന്നാല്‍ ഇത് ലിബറലുകള്‍ നിഷേധിച്ചു. നികുതി മാറ്റം മിഡില്‍ ക്ലാസ് കനേഡിയന്‍ പൗരന്മാരെ സഹായിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വാദം.