1971 ജനുവരി 27-ന് റോഡ് ഐലൻഡിലെ ബർലിംഗ്ടൺ എയർപോർട്ടിൽ നിന്ന് പറന്നുയര്‍ന്ന കോർപ്പറേറ്റ് ജെറ്റ് വിമാനത്തെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭ്യമായിരുന്നില്ല, അടുത്ത കാലം വരെ. ജോർജിയയിലെ അറ്റ്ലാന്‍റയിലെ രണ്ട് ക്രൂ അംഗങ്ങളും പ്രദേശത്തെ വികസന പദ്ധതിയിൽ പ്രവർത്തിക്കുന്ന കസിൻസ് പ്രോപ്പർട്ടീസ് എന്ന വികസന കമ്പനിയിലെ മൂന്ന് ജീവനക്കാരുമായിരുന്നു യാത്രക്കാര്‍. വിമാനം പറക്കേണ്ടിയിരുന്ന വഴിയിലുടനീളം ഏതാണ്ട് 17 ഓളം തെരച്ചിലുകള്‍ ഇതുവരെയായി നടന്നു. എന്നാല്‍, ഒരിക്കല്‍ പോലും ഒരു തുമ്പ് പോലും കിട്ടിയില്ല. ഒടുവില്‍ 53 വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍.
ബർലിംഗ്ടൺ എയർപോർട്ടിന് സമീപത്തെ ചാംപ്ലെയിൻ തടാകത്തിൽ നിന്നാണ് വീമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്‍റെയും വെർമൌണ്ട് സംസ്ഥാനത്തിന്‍റെയും അതിര്‍ത്തിയിലാണ് ചാംപ്ലൈയിന്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്‍റെ തീരത്താണ് ബർലിംഗ്ടൺ എയർപോർട്ടും. 400 അടി താഴ്ചയുള്ള തടാകമാണ് ചാംപ്ലൈയിന്‍ തടാകം. 1971 ജനുവരി 27- ന് കടുത്ത മഞ്ഞ് വീഴ്ചയുള്ള രാത്രിയില്‍ വിമാനം തടാകത്തിലേക്ക് തകര്‍ന്ന് വീണത് ആരും അറിഞ്ഞതേയില്ല. മാത്രമല്ല, വിമാനം തകര്‍ന്ന് വീണ് നാല് ദിവസങ്ങള്‍ക്ക് ശേഷം തടാകം തണുത്തുറഞ്ഞത് അന്ന് കൂടുതല്‍ അന്വേഷണം നടത്തുന്നതിനെ തടസപ്പെടുത്തി. ഒടുവില്‍ 53 വര്‍ഷങ്ങള്‍ക്ക് ശേഷം ജലാന്തര്‍ പര്യവേക്ഷകനായ ഗാരി കൊസാക്കും സംഘവുമാണ് 200 അടി താഴ്ചയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിദൂര നിയന്ത്രിയ യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിമാനാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്