വർണവിവേചനം അരുത്', ഒന്നും രണ്ടുമല്ല, സംഭാവനയായി 16 കോടി നൽകി അമ്മമാരുടെ 'വണ്ടർ വുമൺ'

By: 600007 On: Jun 12, 2024, 6:29 AM

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തുക സംഭാവന നല്‍കി ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്‍റെ മുന്‍ഭാര്യ മക്കന്‍സി സ്കോട്ട്. ബര്‍ത്തിംഗ് ബ്യൂട്ടിഫുള്‍ കമ്മ്യൂണിറ്റി എന്ന പേരിലുള്ള എന്ന സംഘടനയ്ക്ക് ഏതാണ്ട് 16 കോടി രൂപയാണ്  മക്കന്‍സി സ്കോട്ട് നല്‍കുന്നത്. കറുത്ത വിഭാഗക്കാരായ അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിര്‍വഹിക്കുന്നത്. 2019ലാണ് ജെഫ് ബെസോസും  മക്കന്‍സി സ്കോട്ടും വിവാഹ മോചിതരായത്.


പിറക്കുന്ന ഓരോ കുഞ്ഞിനും അവരുടെ അമ്മമാര്‍ക്കും അവരുടെ കുടുംബത്തിനും അര്‍ഹമായ പിന്തുണയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈ തുക തങ്ങളെ സഹായിക്കുമെന്ന് ബര്‍ത്തിംഗ് ബ്യൂട്ടിഫുള്‍ കമ്മ്യൂണിറ്റി വ്യക്തമാക്കി. ഗര്‍ഭധാരണം, പ്രസവം, കുഞ്ഞിന്‍റെ ആദ്യ വര്‍ഷം എന്നീ കാലഘട്ടത്തില്‍ സംഘടന അമ്മമാരെ സഹായിക്കും.

വിവാഹ മോചനത്തിന് ശേഷം  മക്കന്‍സി സ്കോട്ടിന് ജെഫ് ബെസോസില്‍ നിന്ന് വലിയ തുക വിവാഹമോചന കരാര്‍ അനുസരിച്ച് ലഭിച്ചിരുന്നു. 3 ലക്ഷം കോടിയിലേറെ രൂപയാണ് മക്കന്‍സി സ്കോട്ടിന് ഇത് പ്രകാരം ലഭിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും ധനികയായ വനിതകളിലൊരാളായി മക്കന്‍സി സ്കോട്ട് മാറി.  ഈ തുകയില്‍ നിന്ന് ഏതാണ്ട് ആറായിരം കോടി രൂപ ഇതുവരെയായി അവര്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവ ചെയ്തിട്ടുണ്ട്. 360ഓളം സംഘടനകള്‍ക്കായാണ് ഇത്രയും തുക അവര്‍ കൈമാറിയത്. കല, വിദ്യാഭ്യാസം, താഴ്ന്ന വരുമാനക്കാര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം, പൊതുജനാരോഗ്യം, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  സംഘടനകള്‍ക്കാണ് മക്കന്‍സി സ്കോട്ട് സംഭാവന നല്‍കിയത്.