കനേഡിയന്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവുകള്‍ നേരിടുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

By: 600002 On: Jun 11, 2024, 7:21 PM

 


കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍(സിഐഎച്ച്‌ഐ) റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഏകദേശം 175,000 രോഗികള്‍ക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ക്കിടയിലോ ചികിത്സകള്‍ക്കിടയിലോ അപകടങ്ങള്‍ നേരിടേണ്ടി വന്നു. ശസ്ത്രക്രിയ സമയത്ത് ശരീരത്തിനുള്ളില്‍ മറന്നുവെക്കുന്ന ഓപ്പറേഷന്‍ ഉപകരണങ്ങള്‍, മറ്റ് പിഴവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ചികിത്സാപ്പിഴവുകള്‍ സംഭവിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സാപ്പിഴവുണ്ടായ ആശുപത്രികള്‍ക്കെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും അത് ശ്രദ്ധിക്കപ്പെടാതെയോ പരിഗണിക്കപ്പെടാതെയോ പോകും. രോഗികളുടെ അവസ്ഥയ്ക്ക് കാരണമായവര്‍ തിരിഞ്ഞുപോലും നോക്കില്ലെന്ന് വേണം പറയാന്‍. പരാതികള്‍ ഫയല്‍ ചെയ്യുന്ന രോഗികള്‍ പലപ്പോഴും അവര്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇരുട്ടില്‍ത്തപ്പുന്നുവെന്ന് ടൊറന്റോയിലെ മെഡിക്കല്‍ മാല്‍പ്രാക്ടീസ് ലോയര്‍ ജെറമി സിര്‍താഷ് പറയുന്നു. പല കേസുകളിലും ആശുപത്രി മാനേജ്‌മെന്റ് അന്വേഷണങ്ങള്‍ നടത്തുകയോ രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.