വാ​ഗ്ദാനം 8 കോടി ലാഭം, പണം നിക്ഷേപിച്ച് തുടങ്ങി, തട്ടിപ്പാണെന്നറിയുന്നത് 87 ലക്ഷം പോക്കറ്റിൽ നിന്ന് പോയ ശേഷം

By: 600007 On: Jun 11, 2024, 4:52 PM

നാ​ഗ്പൂർ: വലിയ തോതിൽ ലാഭം വാ​ഗ്ദാനം ചെയ്ത് 41 കാരനായ ബിസിനസുകാരനിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ 87 ലക്ഷം രൂപ കവർന്നതായി പരാതി. ഓൺലൈൻ തട്ടിപ്പിലൂടെയാണ് ഇത്രയും തുക തട്ടിയെടുത്തത്. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിക്ഷേപിക്കുകയും എട്ട് കോടി രൂപ ലാഭമുണ്ടാക്കി തരാമെന്നുമാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാർ വാ​ഗ്ദാനം നൽകിയത്. ഇക്കാര്യം വിശ്വസിച്ച ഇയാൾ പണം നിക്ഷേപിക്കുകയായിരുന്നു

ജെസ്‌ലീൻ പ്രസാദ് എന്ന അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുകയായിരുന്നു. പരിചയപ്പെട്ടതിന് പിന്നാലെയാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം നടത്താനുള്ള ഓഫർ വന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിക്ഷേപിക്കാൻ കഴിയുന്ന newyorkstockexchangev.top എന്ന പോർട്ടലിനെ കുറിച്ച് പ്രസാദ് അദ്ദേഹത്തോട് പറഞ്ഞു. വിശ്വസിപ്പിക്കാനായി മറ്റ് നിക്ഷേപകർക്ക് ലഭിച്ച ലാഭത്തിന്റെ സ്ക്രീൻ ഷോട്ടുകൾ കാണിച്ചു. 10 മടങ്ങ് ലാഭമാണ് വാ​ഗ്ദാനം ചെയ്തത്. ചതിയിൽ വീണ ബിസിനസുകാരൻ തൻ്റെ ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയും വ്യാപാരത്തിനായി ലോഗിൻ ഐഡി നൽകുകയും ചെയ്തു.

ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ തുടങ്ങിയെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. വെറും 10 മിനിറ്റിനുള്ളിൽ തൻ്റെ 50,000 രൂപയുടെ നിക്ഷേപം 1.42 ലക്ഷം രൂപയായി ഉയർന്നു. ഉടൻതന്നെ പണം അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കും അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ, 10 മടങ്ങ് ലാഭം വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ നിക്ഷേപിക്കാമെന്ന വാഗ്ദാനവും ലഭിച്ചു. ലാഭത്തിൻ്റെ 10% കൈമാറ്റമായി ഓപ്പറേറ്റർമാർക്ക് നൽകാനും പറഞ്ഞു.

10 മിനിറ്റിനുള്ളിൽ മുഴുവൻ തുകയും നഷ്ടപ്പെട്ടു. ജെസ്‌ലീനെ വിളിച്ചപ്പോൾ, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് നഷ്ടം സംഭവിച്ചതെന്ന് അറിയിച്ചു.  57 ലക്ഷം രൂപ നിക്ഷേപിച്ചാൽ നഷ്ടപ്പെ‌ട്ട പണവും ലാഭവും നൽകാമെന്നും ഓഫർ നൽകി. ഇത്രയും തുക ഇയാൾ അയച്ചു. ട്രേഡിംഗ് സ്‌ക്രീനിൽ എട്ട് കോടി ലാഭം നേടിയതായി കാണിച്ചു. എന്നാൽ, തൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ സെക്യൂരിറ്റി കോഡ് വേണമെന്നും അതിന് 82 ലക്ഷം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് സംശയിച്ചത്. ഉ‌ടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.