വിമാനം തകര്‍ന്നു ; മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ മരിച്ചു

By: 600007 On: Jun 11, 2024, 4:07 PM

വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ(51) അടക്കം ഒമ്പത് പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടതായും വിമാനം വനത്തിൽ കണ്ടെത്തിയെന്നും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ലെന്നും മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു.

‘വിമാനം കണ്ടെത്തി, നിങ്ങളെ എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് അതിയായ ദുഖമുണ്ട്, ഇത് ഒരു ഭീകരമായ ദുരന്തമായി മാറിയിരിക്കുന്നു,’ മലാവിയന്‍ പ്രസിഡന്റ് ലാസറസ് ചക്വേര മാധ്യമങ്ങളോട് പറഞ്ഞു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. രാവിലെ 9.17നാണ് വിമാനം പുറപ്പെട്ടത്. പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മസുസുവില്‍ ഇറങ്ങാന്‍ കഴിയാതെ തലസ്ഥാനമായ ലിലോങ്വെയിലേക്ക് വിമാനം തിരിച്ചുവിടുന്നതിനിടെയായിരുന്നു അപകടം.