ബിസിനസ് സ്യൂട്ടുകള്‍ ശേഖരിച്ച് മറ്റുള്ളവര്‍ക്ക് നല്‍കി ജീവിതത്തെ തന്നെ മാറ്റിമറിക്കാനുള്ള വ്യത്യസ്തമായ ആശയം നടപ്പാക്കുകയാണ് കാല്‍ഗറി പോലീസ് സര്‍വീസ്. ബിസിനസ് സ്യൂട്ടുകളാണ് സംരഭത്തില്‍ കൂടുതലായും ശേഖരിക്കുന്നത്. അത് ഏത് നിറമാണെങ്കിലും ബ്രാന്‍ഡാണെങ്കിലും സ്വീകരിക്കും. കൂടാതെ, പുരുഷന്മാരുടെ സ്യൂട്ടുകള്‍ക്ക് പുറമെ, ഡ്രസ് ഷര്‍ട്ടുകള്‍, പാന്റ്‌സ്, ഷൂസ്, ടൈ, ഏതെങ്കിലും ആക്‌സസറികള്‍, ബെല്‍റ്റുകള്‍ എന്നിവയും സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥനും സംരംഭത്തിന് തുടക്കം കുറിച്ചയാളുമായ ഹാല്‍ ക്വായിഡു പറയുന്നു. 2018 ലാണ് ക്വായ്ഡു ആശയം ആവിഷ്‌കരിച്ചത്. റോഡരികില്‍ ബാഗുമായി ഇരിക്കുന്ന ഒരാളെ കണ്ടെത്തിയതിന് ശേഷമാണ് ആശയം മനസ്സില്‍ ഉദിച്ചത്. ജോലിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും ആരും തന്നെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതീക്ഷയറ്റ മനുഷ്യന്‍ പറഞ്ഞതിന് പിന്നാലെയാണ് ക്യാമ്പയിന് തിരികൊളുത്തിയത്. സ്യൂട്ടുകള്‍ ധരിച്ച് ആത്മവിശ്വാസത്തോടെ ജോലി കണ്ടെത്താനും ജോലി ചെയ്യാനും ആളുകള്‍ക്ക് സംരംഭം വഴി സാധിക്കുമെന്ന് സംഘാടകര്‍ പറയുന്നു.
ആദ്യ വര്‍ഷം 100 സ്യൂട്ടുകള്‍ ശേഖരിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ 4,000ത്തിലധികം പുരുഷന്മാരുടെ വസ്ത്രങ്ങളും ആക്‌സസറികളും ശേഖരിക്കാന്‍ സാധിച്ചു. ശേഖരിക്കുന്ന വസ്ത്രങ്ങള്‍ സെന്റര്‍ ഫോര്‍ ന്യൂകമേഴ്‌സിലേക്ക് വ്യാപിച്ചു. പുതിയ കുടിയേറ്റക്കാര്‍ കാല്‍ഗറിയിലെത്തുമ്പോള്‍ അനുഭവിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാണ് ഈ സ്യൂട്ടുകളുടെ ശേഖരണമെന്ന് ക്വായ്ഡു പറയുന്നു. സ്യൂട്ടുകള്‍ ശേഖരിച്ചതിന് ശേഷം വോളന്റിയര്‍മാര്‍ വസ്ത്രങ്ങള്‍ ഷോപ്പിംഗ് സെന്ററിലെന്ന പോലെ സജ്ജീകരിക്കുന്നു. സൈസ്, ബ്രാന്‍ഡ് എന്നിവ അനുസരിച്ചാണ് സജ്ജീകരിക്കുന്നത്. ആവശ്യക്കാര്‍ക്കെത്തി ഇഷ്ടമുള്ളത് ഇവിടെ നിന്നും ആളുകള്‍ക്ക് തിരഞ്ഞെടുക്കാം.
മെയ് അവസാനം ആരംഭിച്ച് ജൂണ്‍ 24 വരെ സ്യൂട്ടുകള്‍ ശേഖരിക്കുന്നത് തുടരും. ആളുകള്‍ക്ക് സ്യൂട്ടുകളും മറ്റ് ബിസിനസ് വസ്ത്രങ്ങളും സെന്ററുകളിലേക്കോ നോര്‍ത്ത് ഈസ്റ്റ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഡിസ്ട്രിക്റ്റ് പോലീസ് സ്‌റ്റേഷനിലേക്കോ സംഭാവന ചെയ്യാം.