ടിടിസി ബസില്‍ യുവതിയെ തീകൊളുത്തി കൊന്ന കേസ്: പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് വാദം; ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകര്‍ 

By: 600002 On: Jun 11, 2024, 2:40 PM

 


രണ്ട് വര്‍ഷം മുമ്പ് ടിടിസി ബസില്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍. കേസിന്റെ വിചാരണ വേളയിലാണ് അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും ക്രിമിനല്‍ ഉത്തരവാദിത്തം നിലനില്‍ക്കില്ലെന്ന് അറിയിച്ചു. പ്രതിക്ക് സ്‌കീസോഫ്രീനിയ രോഗം നിര്‍ണയിച്ചതിനാലാണ് ക്രിമിനല്‍ റെസ്‌പോണ്‍സിബിളിറ്റി നിലനില്‍ക്കില്ലെന്ന് വാദിച്ചത്. 2022 ജൂണില്‍ വെസ്റ്റ് ടൊറന്റോയിലെ കിപ്ലിംഗ് സ്റ്റേഷനില്‍ ടിടിസി ബസില്‍ വെച്ച് 28കാരിയായ നൈമ ഡോള്‍മയെന്ന യുവതിയെ ടെന്‍സിന്‍ നോര്‍ബു എന്നയാള്‍ തീകൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ നോര്‍ബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കുറ്റം ചുമത്തുകയും ചെയ്തു. ഡോള്‍മയും നോര്‍ബുവും പരസ്പരം അറിയുന്നവരായിരുന്നില്ല. 

മുഖത്തും കഴുത്തിലും കൈകളിലും കാലുകളിലും മാരകമായി പൊള്ളലേറ്റ ഡോള്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 ശതമാനത്തോളം ശരീരത്തില്‍ പൊള്ളലേറ്റ ഡോള്‍മ 18 ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്ന് ജൂലൈ 5 ന് മരണത്തിന് കീഴടങ്ങി. ഡോള്‍മ മരിച്ചതോടെ നോര്‍ബുവിന്റെ കുറ്റം ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമായി ഉയര്‍ത്തി. ഈ കുറ്റമാണ് സുപ്പീരിയര്‍ കോടതി ജസ്റ്റിസ് മൗറീന്‍ ഫോറെസ്റ്റലിന് മുന്നില്‍ നോര്‍ബു നിഷേധിച്ചത്. കൃത്യം നടത്തുമ്പോള്‍ നോര്‍ബുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം നീക്കാന്‍ അഭിഭാഷകര്‍ വാദിച്ചത്. താന്‍ ചെയ്തത് എന്താണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതെയാണ് നോര്‍ബു കൃത്യം ചെയ്തത് എന്നാണ് വാദം.