മണി മ്യൂള്‍ സ്‌കാം:  തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Jun 11, 2024, 10:04 AM

 

 


നിക്ഷേപ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി മണി മ്യൂള്‍ സ്‌കാം നടത്തുന്ന കുറ്റവാളികള്‍ക്ക് വ്യക്തികള്‍ അറിയാതെ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി. ഇതോടനുബന്ധിച്ച് ആര്‍സിഎംപിയും ബീസി സെക്യൂരിറ്റീസ് കമ്മീഷനും മെയ് 29 ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പൊതു തന്ത്രമാണ് മണി മ്യൂള്‍ എന്നത്. ഐഡന്റിറ്റി, ഉറവിടം, ലക്ഷ്യം എന്നിവ മറച്ചുവെക്കുന്ന കുറ്റവാളികളെ ആളുകള്‍ അറിയാതെ മണി മ്യൂളിലൂടെ അവരുടെ സമ്പാദ്യം നീക്കാന്‍ സഹായിക്കുന്നു. നിക്ഷേപ തട്ടിപ്പിന് ഇരയായവരില്‍ നിന്ന് ലഭിച്ച പണമോ ക്രിപ്‌റ്റോകറന്‍സിയോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്ത വിവരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബിസിഎസ്‌സി പണമിടപാട് സംഘങ്ങളെ തിരിച്ചറിഞ്ഞത്. 

ചില കേസുകളില്‍ കുറ്റവാളികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പണം കൈമാറ്റം ചെയ്യുന്നതെന്ന് വ്യക്തികള്‍ തിരിച്ചറിയാറില്ലെന്നും സ്വയം തട്ടിപ്പിന് ഇവര്‍ ഇരകളാകുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരകളാകാന്‍ സാധ്യതയുള്ളവരുമായി തട്ടിപ്പുകാര്‍ ഇമെയിലുകള്‍, സോഷ്യല്‍മീഡിയ, ചാറ്റ് റൂമുകള്‍ എന്നിവ വഴി ബന്ധം സ്ഥാപിക്കുന്നു. അനധികൃതമായി സമ്പാദിച്ച പണം കൈമാറ്റം ചെയ്യാന്‍ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിച്ച് പണം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇരകള്‍ ഇത് സമ്മതിക്കുകയും മ്യൂള്‍ അക്കൗണ്ടുകള്‍ വഴി തട്ടിപ്പുകാരന്‍ ഇവര്‍ക്ക് പണം കൈമാറുന്നു. അനധികൃത പണം കൈമാറ്റത്തില്‍ ആളുകള്‍ അറിയാതെ വീണുപോകുന്നു. 

മ്യൂള്‍ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ വ്യക്തിപരമായി അറിയാത്തവരുമായി ബന്ധം സ്ഥാപിക്കാനോ സാമ്പത്തിക വിവരങ്ങളോ മറ്റ് വ്യക്തിഗത വിവരങ്ങളോ പങ്കുവയ്ക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സംശയാസ്പദമായ ഇമെയിലുകള്‍ സോഷ്യല്‍മീഡിയ ചാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവ അവഗണിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.