തീപിടുത്ത സാധ്യത: കാനഡയില്‍ 20,000 ത്തിലധികം ടെല്ലുറൈഡ് എസ്‌യുവികള്‍ തിരിച്ചുവിളിച്ച് കിയ 

By: 600002 On: Jun 11, 2024, 9:27 AM

 


മുന്‍ സീറ്റ് അഡ്ജസ്റ്റ്‌മെന്റ് നോബിന്റെ തകരാര്‍ മൂലം തീപിടുത്ത സാധ്യതയെ തുടര്‍ന്ന് കാനഡയില്‍ 20,000 ത്തിലധികം ടെല്ലുറൈഡ് എസ്‌യുവികള്‍ തിരിച്ചുവിളിക്കാനൊരുങ്ങി കിയ. 2020 മുതല്‍ 2024 വരെയുള്ള 20,563 ടെല്ലുറൈഡ് മോഡലുകള്‍ തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു. അമേരിക്കയില്‍ 462,869 ഓളം വാഹനങ്ങളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 

സീറ്റ് അഡ്ജസ്റ്റ്‌മെന്റ് നോബുകള്‍ സ്റ്റക്കാവുകയും മുന്‍വശത്തെ പവര്‍ സീറ്റ് മോട്ടോര്‍ അമിതമായി ചൂടാകാന്‍ ഇടയാവുകയും ചെയ്യുന്നു. ഇത് പാര്‍ക്ക് ചെയ്യുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ തീപിടിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. തീപിടുത്ത സാധ്യതയുള്ളതിനാല്‍ വളരെയധികം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കിയ വക്താവ് പറഞ്ഞു. തകരാര്‍ പരിഹരിക്കാന്‍ ഏഴ് ആഴ്ചയോ അതില്‍ കൂടുതലോ സമയമെടുത്തേക്കാമെന്നും വക്താവ് പറഞ്ഞു. 

2024 ജൂലൈ 31 മുതല്‍ ഇത് സംബന്ധിച്ച് ഉടമകള്‍ക്ക് വാഹനം കിയ ഡീലറുടെ അടുത്ത് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മെയില്‍ വഴി അയക്കുമെന്ന് വക്താവ് അറിയിച്ചു. ജൂണ്‍ 7 ന് യുഎസില്‍ കിയ തിരിച്ചുവിളിച്ചെങ്കിലും കാനഡയില്‍ കിയയോ ട്രാന്‍സ്‌പോര്‍ട്ട് കാനഡയോ ഔദ്യോഗികമായി ഔദ്യോഗികമായി തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.