ഉയര്‍ന്ന ഭവന വില, ജീവിത ചെലവുകള്‍: മൂന്നിലൊന്ന് പേര്‍ ബീസി വിടാന്‍ ആലോചിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Jun 11, 2024, 8:44 AM

 

 

ഉയര്‍ന്ന ഭവന വിലയും ജീവിതച്ചെലവും കണക്കിലെടുത്ത് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും മറ്റിടങ്ങളിലേക്ക് മാറുന്നത് പരിഗണിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കാനഡയിലെ മറ്റ് പ്രവിശ്യകളേക്കാള്‍ ഉയര്‍ന്ന ഭവന ചിലവ് വീട് കണ്ടെത്താന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ബ്രിട്ടീഷ് കൊളംബിയ വിടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. ആംഗസ് റീഡ് ഇന്‍സ്റ്റിറ്റ്യൂട്ട് മെയ് 24 മുതല്‍ 30 വരെ പ്രവിശ്യയിലെ 1,250 ഓളം പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 

18 നും 34 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിയും 35 നും 54 നും ഇടയില്‍ പ്രായമുള്ളവരില്‍ അഞ്ചില്‍ രണ്ട് പേരും പ്രവിശ്യയിലെ ഉയരുന്ന വാടകയും വീടുകളുടെ വിലയും കണക്കിലെടുത്ത് മറ്റ് പ്രവിശ്യകളിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായി കണ്ടെത്തി. അതേസമയം, 55 വയസ്സിന് മുകളിലുള്ള 40 ശതമാനം പുരുഷന്മാരും സ്ത്രീകളും
പ്രവിശ്യ വിടുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. 

കാനഡയില്‍ വാടക നിരക്ക് ഏറ്റവും ഉയര്‍ന്ന പന്ത്രണ്ട് നഗരങ്ങളില്‍ ബീസിയില്‍ വാന്‍കുവര്‍, ബേണബി, വിക്ടോറിയ, കെലോന എന്നീ നഗരങ്ങള്‍ ഉള്‍പ്പെടുന്നു. ഈ നഗരങ്ങളില്‍ പ്രതിമാസം പാര്‍പ്പിട വില ഉയരുന്നത് ആളുകളെ പ്രവിശ്യയില്‍ നിന്നും വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.