കാനഡ-യുഎസ് അതിര്‍ത്തികളില്‍ ഫ്‌ളാഗ്‌പോളിംഗ് സൈറ്റുകളായി ഉപയോഗിക്കാവുന്ന പോര്‍ട്ടുകളുടെ(POEs) സ്ഥലങ്ങളിലും സമയങ്ങളിലും മാറ്റം വരുത്തി കനേഡിയന്‍, യുഎസ് അതോറിറ്റികള്‍. മെയ് 30 മുതല്‍ 12 കാനഡ-യുഎസ് ബോര്‍ഡര്‍ ക്രോസിംഗുകള്‍ മാത്രമേ പുതുതായി കടന്നുപോകുന്നവര്‍ക്ക് ഫ്‌ളാഗ്‌പോളിംഗ് സേവനങ്ങള്‍ നല്‍കൂ. 24 മണിക്കൂറിനുള്ളില്‍ കാനഡയ്ക്ക് പുറത്തേക്ക് പോയി മടങ്ങുന്ന താല്‍ക്കാലിക താമസക്കാര്‍ക്ക്(വര്‍ക്ക്/ സ്റ്റഡി പെര്‍മിറ്റ്, അല്ലെങ്കില്‍ വിസിറ്റര്‍ വിസ/ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍(ഇടിഎ) എന്നിവ ഉള്ളവര്‍) പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ നിന്നും ഇമിഗ്രേഷന്‍ സേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സമ്പ്രദായമാണ് ഫ്‌ളാഗ്‌പോൡഗ്.
ഈ സംവിധാനം നിയമപരമായാണ് നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയോ പേപ്പര്‍ മുഖേനയോ അപേക്ഷിക്കാം. ഇതുവഴി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC)യിലുള്ള ദൈര്‍ഘ്യമേറിയ പ്രോസസിംഗ് സമയം ലഘൂകരിക്കാന്‍ സാധിക്കും. കാനഡ-യുഎസ് അതിര്‍ത്തിയില്‍ തിരക്ക് വര്‍ധിച്ചതും ഓഫീസര്‍മാരുടെ പ്രോസസിംഗ് സമ്മര്‍ദ്ദം വര്‍ധിക്കുന്നതുമാണ് നിലവില്‍ പോര്‍ട്ട് ഓഫ് എന്‍ട്രിയിലെ ഫ്‌ളാഗ്‌പോളിംഗിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണമെന്ന് കനേഡിയന്‍, യുഎസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
തിരക്കേറിയ യാത്രാ സമയങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വ്യാപാര സൗകര്യം ഉള്‍പ്പെടെയുള്ള മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനുമാണ് ഫ്‌ളാഗ്‌പോളിംഗ് സര്‍വീസുകളുടെ സ്ഥലങ്ങളിലും സമയങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെയും അപകടസാധ്യതയുള്ളവരെയും അഭയാര്‍ത്ഥികളെയും തിരിച്ചറിയാനും ഇവരെ തടയാനും പുതിയ മാറ്റങ്ങളിലൂടെ സാധിക്കുമെന്ന് ഏജന്‍സി പറയുന്നു.