കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബീസിയില്‍ കാട്ടുതീ കുറഞ്ഞു: വൈല്‍ഡ്ഫയര്‍ സര്‍വീസ് 

By: 600002 On: Jun 11, 2024, 7:17 AM

 


കഴിഞ്ഞ വര്‍ഷത്തെ കാട്ടുതീ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ കുറവാണെന്ന് ബീസി വൈല്‍ഡ്ഫയര്‍ സര്‍വീസ്. 2023 ലെ റെക്കോര്‍ഡ് ബ്രേക്കിംഗ് സീസനെ അപേക്ഷിച്ച് 200 ഓളം എണ്ണം കാട്ടുതീയുടെ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വൈല്‍ഡ് ഫയര്‍ സര്‍വീസിലെ എമിലി പീക്കോക്ക് പറയുന്നു. ഏപ്രില്‍ 1 നും ജൂണ്‍ 8 നും ഇടയില്‍ പ്രവിശ്യയില്‍ 201 കാട്ടുതീ വ്യാപിച്ചതായി പീക്കോക്ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 393 ഓളം കാട്ടുതീയാണ് ഉണ്ടായത്. 

ഓരോ വര്‍ഷവും ഭൂമിയുടെ അവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ സ്പ്രിംഗ് സീസണില്‍ ആരംഭിക്കുന്ന കാട്ടുതീ സമ്മര്‍ സീസണില്‍ പ്രതീക്ഷിക്കുന്ന തീവ്രതയിലേക്ക് എത്തിയേക്കില്ലെന്ന് അവര്‍ വിശദീകരിച്ചു. കാട്ടുതീ കുറവാണെങ്കിലും ഏത് നിമിഷവും തയാറായിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പീക്കോക്ക് പറഞ്ഞു. രാജ്യത്തെ മിക്ക പ്രവിശ്യകളിലും വരള്‍ച്ച നേരിടുകയാണ്. വരണ്ട കാലാവസ്ഥയും ചൂട് കൂടുന്നതും കാട്ടുതീ സാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.