ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ വിമാനാപകടത്തിൽ മരിച്ചു

By: 600007 On: Jun 11, 2024, 1:38 AM

വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സൺ (90)  വാഷിങ്ടണിൽ വിമാനാപകടത്തിൽ മരിച്ചു. ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളിൽ ഒരാളുമാണ്. അദ്ദേഹത്തിന്റെ മകൻ ഗ്രിഗറി ആൻഡേഴ്‌സാണ് മരണവിവരം പങ്കുവെച്ചിരിക്കുന്നത്. 
വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചായിരുന്നു അപകടം. ദ്വീപിന്റെ തീരത്ത് വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് സാൻ ജുവാൻ കൗണ്ടി പോലീസ് അറിയിച്ചു. ഒരു പഴയ മോഡൽ വിമാനത്തിലായിരുന്നു വില്യമിന്റെ യാത്ര. മുങ്ങൽ വിദഗ്ദർ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിട്ടാണ് മൃതദേഹം കണ്ടെത്താനായത്. 


1933 ഒക്ടോബർ 17 ന് ഹോങ് കോങിലാണ് വില്യം ആൻഡേഴ്‌സിന്റെ ജനനം. യുഎസ് നേവൽ അക്കാദമിയിൽ നിന്ന് 1955 ൽ ബിരുദം നേടിയതിന് ശേഷം യുഎസ് വ്യോമസേനയുടെ ഭാഗമായി. 1964ലാണ് ബഹിരാകാശ സഞ്ചാരിയായി  നാസ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 1966 ലെ ജെമിനി 11 ദൗത്യത്തിൽ ബാക്ക് അപ്പ് പൈലറ്റായി പ്രവർത്തിച്ചു. ആദ്യമായി മനുഷ്യർ ഭൂമിയുടെ ആകർഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രന്റെ ഭ്രമണ പഥത്തിൽ സഞ്ചരിക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവെൽ എന്നിവരായിരുന്നു വില്യമിനെ കൂടാതെ ആ പേടകത്തിലുണ്ടായിരുന്നത്. അന്ന് ആറു ദിവസത്തോളം നീണ്ട ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചിറങ്ങി. 

ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ട മനുഷ്യരിൽ ഒരാൾ കൂടിയാണ് വില്യം. അന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നുള്ള ഭൂമിയുടെ ചിത്രവും വില്യം പകർത്തിയിരുന്നു. 'എർത്ത് റൈസ്' എന്നാണത് അറിയപ്പെടുന്നത്.  1968 ൽ ടൈം മാഗസിന്റെ 'മെൻ ഓഫ് ദി ഇയർ' പുരസ്‌കാരത്തിന്അപ്പോളോ 8 ദൗത്യ സംഘം അർഹരായിരുന്നു. 1969 മുതൽ 1973 വരെ നാഷണൽ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് കൗൺസിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു വില്യം ആൻഡേഴ്‌സ്. ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷന്റെ ആദ്യ ചെയർമാനുമായിരുന്നു.