ഹവാന: സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കൊല വംശഹത്യയുടെ തെളിവാണന്നെ് ക്യൂബ. കൂട്ടക്കൊലയെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വസ് അപലപിച്ചു. ഹമാസിന്റെ കൈവശമുള്ള നാല് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 274 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 698 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 64 കുട്ടികളും 57 സ്ത്രീകളുമാണ്. അതേസമയം, ബന്ദികളെ മോചിപ്പിക്കാൻ നടത്തിയ രണ്ട് മണിക്കൂർ നീണ്ട സങ്കീർണമായ ഓപ്പറേഷനിടെ ജീവൻ നഷ്ടമായവരുടെ എണ്ണം 100 ൽ താഴെയാണെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളെ രക്ഷിക്കുന്നതിനിടെ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടിരുന്നു.