ഡിജിറ്റല്‍ നൊമാഡ് വിസ: ജപ്പാനില്‍ ആറ് മാസം താമസിക്കാം,ജോലി ചെയ്യാം

By: 600002 On: Jun 10, 2024, 11:39 AM

 


ജപ്പാന്‍ സന്ദര്‍ശിക്കുകയും ജോലി ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് ജപ്പാന്‍ അവതരിപ്പിച്ച പുതിയ ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് അപേക്ഷിക്കാം. ഇന്തോനേഷ്യ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ വിസ ഫോര്‍മാറ്റ് അവതരിപ്പിക്കുന്ന രാജ്യമാണ് ജപ്പാന്‍. ഈ വിസ പദ്ധതിയിലൂടെ വിദേശികള്‍ക്ക് അവരുടെ ജീവിതപങ്കാളികള്‍ക്കും കുട്ടിള്‍ക്കുമൊപ്പം വര്‍ഷത്തില്‍ ആറ് മാസത്തേക്ക് രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. വിദൂരമായി ജോലി ചെയ്യുകയും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഈ വിസ പ്രോഗ്രാം. 

ഈ വര്‍ഷം ആദ്യം രാജ്യത്തെ ഇമിഗ്രേഷന്‍ സര്‍വീസസ് ഏജന്‍സി(ISA)  മാര്‍ച്ച് അവസാനത്തോടെ പ്രോഗ്രാം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ വിസ പ്രോഗ്രാം അവതരിപ്പിച്ചു. ഡിജിറ്റല്‍ നൊമാഡ് വിസ ഉടമകളെ ആറ് മസം വരെ ജപ്പാനില്‍ ജോലി ചെയ്യാന്‍ അനുവദിക്കും. ഈ കാലയളവ് കഴിഞ്ഞാല്‍ അതേ വിസ സ്റ്റാറ്റസിന് വീണ്ടും അപേക്ഷിക്കാന്‍ ആറ് മാസം കാത്തിരിക്കണമെന്ന് ജപ്പാന്‍ നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ജപ്പാനുമായി നികുതി ഉടമ്പടികളും ഹ്രസ്വകാല വിസ ഇളവ് കരാറുകളും ഉള്ള 49 ഓളം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പൗരന്മാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. അവരുടെ പങ്കാളികളെയും കുട്ടികളെയും ജപ്പാനിലേക്ക് കൊണ്ടുവരാന്‍ കഴിയും. എങ്കിലും ഈ വിസ അപേക്ഷകര്‍ക്ക് റസിഡന്‍സ് കാര്‍ഡോ സര്‍ട്ടിഫിക്കറ്റോ നല്‍കുന്നില്ല. വിസ ലഭിച്ചവര്‍ക്ക് ചില സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതമായിരിക്കും. 

വിസയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.