ജലവിതരണത്തിലെ തടസ്സം: കാല്‍ഗറിയില്‍ ഒരാഴ്ച കൂടി ജലക്ഷാമം നേരിടേണ്ടി വരും 

By: 600002 On: Jun 10, 2024, 9:08 AM

 

 

ജലവിതരണത്തില്‍ തടസ്സം നേരിടുന്നതിനാല്‍ കാല്‍ഗറിയില്‍ ഒരാഴ്ച കൂടി ജലനിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ജലക്ഷാമം നേരിടുന്നതിനാല്‍ താമസക്കാര്‍ ജലഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരണം. വെള്ളിയാഴ്ച ജലഉപഭോഗത്തില്‍ വളരെ കുറവാണ് രേഖപ്പെടുത്തിയത്. ജലവിതരണം സാധാരണഗതിയില്‍ പുന:സ്ഥാപിക്കുന്നതിന് ഇനിയും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ എടുത്തേക്കുമെന്നാണ് കാല്‍ഗറി സിറ്റി ഡ്രിങ്കിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ മാനേജര്‍ ക്രിസ് ഹൂസ്റ്റണ്‍ പറയുന്നത്. നഗരത്തിലുടനീളം വെള്ളമെത്തിക്കുന്ന പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്നത്. 

തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. കാലതാമസം നേരിട്ടേക്കാമെന്നതിനാല്‍
ജലനിയന്ത്രണത്തിനുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിറ്റി മുന്നറിയിപ്പ് നല്‍കി. പുല്‍ത്തകിടി നനയ്ക്കല്‍, ഹോട്ട് ടബ്ബുകള്‍, വാഹനങ്ങള്‍ കഴുകല്‍, പൂന്തോട്ടം നനയ്ക്കല്‍ എന്നിവയ്ക്കായി ജലം വിനിയോഗിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലം കൂടുതലായി ഉപയോഗിക്കുമ്പോള്‍ അധികം താമസിയാതെ നഗരത്തില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.