മധുരപലഹാരങ്ങളിലെ കൃത്രിമ മധുരമായ സൈലിറ്റോൾ ഹൃദയാഘാതസാധ്യത കൂട്ടുമെന്ന് പഠനം

By: 600007 On: Jun 10, 2024, 4:00 AM

 

മധുരപലഹാരങ്ങളിലും മറ്റും പഞ്ചസാരയ്ക്ക് പകരം വ്യാപകമായി ഉപയോഗിക്കുന്ന മധുരമായ സൈലിറ്റോൾ എന്ന കൃത്രിമമധുരം ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. യുഎസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്. യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഷുഗർ ഫ്രീ എന്ന പേരിലുള്ള പല മധുരപലഹാരങ്ങളിലും ച്യൂയിങ് ഗം പോലുള്ളവയിലും ചില ടൂത്ത്‌പേസ്റ്റിലും മൗത്ത് വാഷുകളിലും സൈലിറ്റോൾ ഉപയോഗിക്കുന്നുണ്ട്. സൈലിറ്റോളിന്റെ അമിത ഉപയോഗം രക്തം കട്ടപിടിക്കാന്‍ കാരണമാകും. ഇതുവഴി സിരകളിലും ധമനികളിലും രക്തയോട്ടം കുറയാൻ ഇടയാക്കുമെന്നും പഠനം പറയുന്നു. സൈലിറ്റോൾ പ്ലേറ്റ്‌ലറ്റ് പ്രവർത്തനങ്ങളെ ബാധിച്ചാണ് രക്തക്കട്ടകൾക്ക് ഇടയാക്കുന്നതെന്നും കണ്ടെത്തല്‍. 

പ്രകൃതിദത്തമായി പഴങ്ങളിലും മറ്റും നേർത്തതോതിൽ കാണുന്നതാണ് സൈലിറ്റോൾ. സൈലിറ്റോളിന് ഗ്ലൈസമിക് സൂചിക കുറവാണ്. ഇവയുടെ കലോറിയും കുറവാണ്. ഇത് മൂലമാണ് ഇവ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്‌പാദിപ്പിച്ചുതുടങ്ങിയത്. എറിത്രിറ്റോൾ എന്ന കൃത്രിമമധുരം പകരുന്ന വസ്തുവും രക്തം കട്ടപിടിക്കാൻ കാരണമാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.