39 വർഷം മുമ്പ് ബസ്‍സ്റ്റോപ്പിൽ നിന്ന് കാണാതായ ആ പെൺകുട്ടി താൻ, അവകാശവാദവുമായി യുവതി

By: 600007 On: Jun 9, 2024, 5:58 PM

 

ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഓരോ ദിവസവും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അവയിൽ പലതും സാമൂഹികമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അടുത്തിടെ അത്തരത്തിലുള്ള ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 39 വർഷങ്ങൾക്കു മുൻപ് പെൻസിൽവാനിയിൽ നിന്നും കാണാതായ ചെറി മഹാൻ എന്ന പെൺകുട്ടിയുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു ഇത്. ഇപ്പോഴിതാ ആ പെൺകുട്ടി താനാണ് എന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഒരു യുവതി. എന്നാൽ, 13 വർഷത്തെ അന്വേഷണത്തിനൊടുവിൽ 1998 നവംബറിൽ ചെറി മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

1985 ഫെബ്രുവരിയിൽ പെൻസിൽവാനിയയിലെ വിൻഫീൽഡ് ടൗൺഷിപ്പിലുള്ള വീടിനോട് ചേർന്ന ബസ് സ്റ്റോപ്പിൽ സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് ചെറി എന്ന പെൺകുട്ടിയെ കാണാതായത്. സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങിയ അവൾ പിന്നീട് എവിടെപ്പോയി എന്ന് ആർക്കും അറിയില്ല. ഇപ്പോൾ ആ പെൺകുട്ടി താനാണ് എന്ന അവകാശവാദവുമായാണ് ഒരു അജ്ഞാത സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്. 

'മെമ്മറീസ് ഓഫ് ചെറി മഹാൻ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവതി ഇക്കാര്യം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇവർ ഇത് പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. ഈ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതാദ്യമായല്ല ചെറി മഹാൻ ആണെന്ന അവകാശവാദവുമായി ആളുകൾ മുന്നോട്ടുവരുന്നത്. മുൻപ് മറ്റ് മൂന്ന് സ്ത്രീകൾ ചെറിയാണെന്ന് അവകാശപ്പെട്ടിരുന്നു.  

പെൻസിൽവാനിയയിലെ പൊലീസ് സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയും മറ്റൊരു സംസ്ഥാനത്തുള്ള ഒരു ബാഹ്യ ഏജൻസിയുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കാണാതായ മകളെ കുറിച്ച് താൻ എപ്പോഴും പ്രതീക്ഷ പുലർത്തുന്നതായി അവളുടെ അമ്മ മക്കിന്നി പറഞ്ഞു.