ന്യൂയോര്‍ക്ക്: ഐടി-ടെക് രംഗത്തെ ഭീമന്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടരുന്നു. 2024 ജൂണിന്‍റെ ആദ്യ വാരത്തില്‍ ഐടി ഭീമന്‍മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലേറെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ടെക് ലോകത്ത് വലിയ ആശങ്ക നല്‍കുന്ന പിരിച്ചുവിടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക് രംഗത്ത് തുടരുന്ന വലിയ തൊഴില്‍ പ്രതിസന്ധിയുടെ തുടര്‍ച്ച കൂടിയാണിത്.
2023ല്‍ ടെക് ലോകത്ത് ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്‌ടമുണ്ടായത്. ഈ വര്‍ഷവും ശുഭകരമല്ല കാര്യങ്ങള്‍. മൈക്രോസോഫ്റ്റും ഗൂഗിളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ്. ഇരു കമ്പനികളും ജൂണ്‍ ആദ്യ ആഴ്‌ചയില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്‌സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പറഞ്ഞുവിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെ ബാധിച്ചു. മിക്‌സ്‌ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ അധികവും. ഹോളോലെന്‍സ് 2 പ്രൊജക്‌ട് മിക്‌സ്‌ഡ് റിയാലിറ്റി യൂണിറ്റിന് കീഴിലാണ്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വാദം.