ജലവിതരണത്തില്‍ തടസ്സം: ജനങ്ങള്‍ ജല ഉപഭോഗം നിയന്ത്രിക്കണമെന്ന് കാല്‍ഗറി സിറ്റി 

By: 600002 On: Jun 8, 2024, 10:38 AM

 

ബൗനസ്സില്‍ ജലവിതരണ പൈപ്പ് പൊട്ടി മൂന്നാം ദിവസവും കാല്‍ഗറിയിലുടനീളമുള്ള ജലവിതരണത്തില്‍ തടസ്സം നേരിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താമസക്കാര്‍ ജല ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി സിറ്റി അധികൃതര്‍. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ജല ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായതായി സിറ്റി പറയുന്നു. എന്നാല്‍ വൈകിട്ട് ജലം ഉപയോഗം ഗണ്യമായി കുതിച്ചുയര്‍ന്നു. 

സിറ്റിക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ കാല്‍ഗറി സിറ്റിയില്‍ അധികം താമസിയാതെ കഠിനമായ ജലക്ഷാമം അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാല്‍ഗറിയിലെ ജലം എത്രത്തോളം നീണ്ടുനില്‍ക്കുമെന്നത് താമസക്കാരുടെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് കാല്‍ഗറി ജലസേവന ഡയറക്ടര്‍ നാന്‍സി മക്കേ പറഞ്ഞു. 

വ്യാഴാഴ്ച ഉപയോഗിച്ചതിനാല്‍ 25 ശതമാനം കുറവ് വെള്ളം ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ കാല്‍ഗറിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. നഗരത്തിലെ എല്ലാ ജനങ്ങളും ജലസംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നഗരത്തിലുടനീളം വെള്ളമെത്തിക്കുന്ന പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ ബുധനാഴ്ച വൈകുന്നേരമാണ് പൊട്ടിയത്. തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ 78 ഇഞ്ച് കോണ്‍ക്രീറ്റ് പൈപ്പ് ശരിയാകാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തുന്നത്.