ഗസ്സ സിറ്റി: കിടപ്പാടം നഷ്ടപ്പെട്ട് ആശ്രയമറ്റ ആയിരങ്ങൾ അഭയംതേടിയ മധ്യ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് വീണ്ടും ഇസ്രായേൽ ക്രൂരത. യു.എൻ സഹായ ഏജൻസി നിയന്ത്രണത്തിലുള്ള സ്കൂളിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേർ കൊല്ലപ്പെട്ടു. ഹമാസ് താവളമെന്നാരോപിച്ചാണ് ഇസ്രായേലിന്റെ കൂട്ടക്കൊല. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഒമ്പത് സ്ത്രീകളുമുണ്ടെന്നും മൃതശരീരങ്ങൾ ക്യാമ്പിൽ ചിതറിത്തെറിച്ച നിലയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.