മരണാനന്തരച്ചടങ്ങിനിടെ ശ്വാസമെടുത്ത് സ്ത്രീ, ജീവനക്കാരന്‍റെ കണ്ണില്‍ പെട്ടു, ജീവിതത്തിലേക്ക് തിരികെ

By: 600007 On: Jun 7, 2024, 2:13 PM

ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ച 74 -കാരിയായ സ്ത്രീക്ക് മരണാനന്തര ചടങ്ങുകൾക്കിടയിൽ ജീവനുണ്ടെന്ന് കണ്ടെത്തി. ചടങ്ങുകൾ നടക്കുന്നതിനിടയിൽ ഇവർ ശ്വാസം എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഫ്യൂണറൽ ഫോമിലെ ജീവനക്കാരൻ വളരെ വേഗത്തിൽ സിപിആർ കൊടുക്കുകയും ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു. 


സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂർ മുൻപാണ് ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ഇവരുടെ മരണം സ്ഥിരീകരിച്ചത്. നെബ്രാസ്കയിലെ ലാൻകാസ്റ്റർ കൗണ്ടിയിൽ നിന്നാണ് ഈ അത്ഭുതകരമായ സംഭവം റിപ്പോർട്ട് ചെയ്തത്. കോൺസ്റ്റൻസ് ഗ്ലാൻ്റ്സ് എന്ന 74 -കാരിയായ സ്ത്രീയാണ് തന്റെ ജീവിതത്തിലേക്ക് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മടങ്ങിവന്നത്.

കഴിഞ്ഞ ഏഴ് ദിവസമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ഡോക്ടർമാർ ഇവരുടെ മരണം സ്ഥിരീകരിച്ചത്. എന്നാൽ, ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുൻപായി അത്ഭുതകരമായി ഇവർ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. സംഭവത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ല എന്നാണ് നെബ്രാസ്കയിലെ ലാൻകാസ്റ്റർ കൗണ്ടിയിലെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.