ബീസിയില്‍ 2.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മോഷ്ടിച്ച വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ പിടിയില്‍ 

By: 600002 On: Jun 7, 2024, 12:32 PM

 

 

ബ്രിട്ടീഷ് കൊളംബിയയില്‍ മോഷണം പോയ 29 വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു. ബീസിയിലെ തുറമുഖങ്ങളിലെ ഷിപ്പിംഗ് കണ്ടെയ്‌നറുകളില്‍ നിന്നുമാണ് വാഹനങ്ങള്‍ കണ്ടെടുത്തത്. റേഞ്ച് റോവറുകളും പുതിയ മോഡല്‍ പിക്കപ്പ് ട്രക്കുകളും ഉള്‍പ്പെടെ 25 ലക്ഷം ഡോളര്‍ മൂല്യമുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. കേസില്‍ മെട്രോ വാന്‍കുവര്‍ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മൊഹദ് വെയ്ല്‍ ഓസര്‍(29), ഒമര്‍ വെയ്ല്‍ ഓസര്‍(20) എന്നിവരാണ് അറസ്റ്റിലായത്. വാഹന മോഷണം, മോഷ്ടിച്ച വാഹനം കൈവശം വയ്ക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ഇരുവരും നേരിടുന്നതായി പോലീസ് അറിയിച്ചു. 

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബീസിയിലെ വിവിധ നഗരങ്ങളില്‍ നിന്നും മോഷ്ടിച്ചതാണ് ഈ വാഹനങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ആരംഭിച്ച അന്വേഷണത്തില്‍ വാന്‍കുവര്‍, ഡെല്‍റ്റ, ലാംഗ്ലി എന്നിവടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.