കാനഡയിലെ പലസ്തീന്‍ അനുകൂലികള്‍ക്കെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ക്യാമ്പയ്ന്‍ നടത്തിയതില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസിലും ഇസ്രയേലി പത്രമായ ഹാരെറ്റ്‌സിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്ലമോഫോബിക് ഉള്ളടക്കമുള്ള വടക്കേ അമേരിക്കക്കാരെ ലക്ഷ്യമിടുന്ന ക്യാമ്പയിനാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യുണൈറ്റഡ് സിറ്റിസണ്‍സ് ഫോര്‍ കാനഡ എന്ന പേരിലുള്ള സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി കാനഡയിലെ മുസ്ലിങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്ററില്‍ ശരിയത്ത് ഫോര്‍ കാനഡ എന്ന് എഴുതുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. സന്ദേശങ്ങള്‍ ആവര്‍ത്തിച്ച് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു.
ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത്തരം ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ നിരോധിച്ചതായി മെറ്റ അറിയിച്ചു. ഇത്തരം ക്യാമ്പയിനുമായി ബന്ധപ്പെട്ട അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായും മെറ്റ കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.