സ്റ്റാര്‍ലിങ്കിന്‍റെ വരവ് ബ്രസീലിയന്‍ ഗോത്രങ്ങളില്‍ അശ്ലീല ചിത്രങ്ങളോടുള്ള ആസക്തി കൂട്ടിയെന്ന് റിപ്പോര്‍ട്ട്

By: 600007 On: Jun 7, 2024, 10:30 AM

പഴയ കാലമല്ലിത്. ലോകം ഇന്ന് ഓരോരുത്തരുടെയും കൈകളിലെ മൊബൈലിനുള്ളിലാണ്. ഇന്‍റർനെറ്റിന്‍റെ കടന്ന് വരവും സമൂഹ മാധ്യമങ്ങളും ലോകത്തിന്‍റെ ശ്ലീലാശ്ലീലങ്ങളെ പോലും മാറ്റിമറിച്ചു. ജീവിത രീതികള്‍ പലതും മാറി. ആളുകളുടെ അഭിരുചികള്‍ മാറി. ഓരോ സമൂഹത്തിലേക്കും പുറമേ നിന്നുള്ള സ്വാധീനം ശക്തമായി പ്രതിഫലിച്ചു തുടങ്ങി. വസ്ത്രത്തിലും ഭക്ഷണത്തിലും കാഴ്ചകളിലും കാഴ്ചപ്പാടില്‍ പോലും ഈ മാറ്റം ഇന്ന് ദൃശ്യമാണ്. അതേസമയം പൊതുസമൂഹത്തില്‍ നിന്നും അകന്ന് അതിന്‍റെ ബഹളങ്ങളിലൊന്നും ഉള്‍പ്പെടാതെ ജീവിക്കുന്ന നിരവധി സമൂഹങ്ങള്‍ ലോകമെങ്ങുമുണ്ട്. അവരില്‍ ചിലര്‍ വിദൂരമായ ദ്വീപുകളിലോ മറ്റ് ചിലര്‍ വനാന്തര്‍ഭാഗങ്ങളിലോ ആണ് ജീവിക്കുന്നത്. എന്നാല്‍, ഇത്തരം സമൂഹങ്ങളില്‍ പോലും ഇന്ന് മാറ്റത്തിന്‍റെ കാറ്റ് വീശിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

എലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക്, ആമസോണ്‍ കാടുകളില്‍ പോലും ഇന്ന് സാന്നിധ്യം ഉറപ്പിച്ചു. ഇതോടെ പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ആമസോണ്‍ കാടുകളില്‍ ജീവിച്ചിരുന്ന ഗോത്രങ്ങളില്‍ പോലും ഇന്ന് ഇന്‍റര്‍നെറ്റ് ലഭ്യമായി. പക്ഷേ, ഈ പുതുലോകം അവരെ തികച്ചും മോശമായാണ് സ്വാധീനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം ഇത്തരം സമൂഹങ്ങളില്‍ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണ് സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയോടുള്ള ആസക്തിയും അശ്ലീല ചിത്രങ്ങളോടുള്ള അമിത താത്പര്യവും ഓൺലൈൻ തട്ടിപ്പുകളും ഇത്തരം സമൂഹങ്ങളെ മോശമായി ബാധിച്ചു.