ജലവിതരണത്തില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് നഗരത്തിലുടനീളം നിയന്ത്രണങ്ങളിലേക്ക് നയിച്ച പ്രധാന വാട്ടര്‍ മെയിന്‍ ബ്രേക്ക് അറ്റകുറ്റപ്പണികള്‍ കാല്‍ഗറിയില്‍ പുരോഗമിക്കുകയാണ്. ജോലിക്കാര്‍ രാപ്പകലില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതിന് ദിവസങ്ങളെടുത്തേക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹോം റോഡിന് സമീപം 16 അവന്യുവില്‍ രാത്രി 7 മണിയോടെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉടന്‍ തന്നെ മുനിസിപ്പല്‍ എമര്‍ജന്‍സി പ്ലാന്‍ സജീവമാക്കുകയും തകരാര്‍ പരിഹരിക്കാനുള്ള നടപടികളിലേക്ക് സിറ്റി കടക്കുകയും ചെയ്തു. ജലവിതരണം നിലവില്‍ കാര്യക്ഷമമല്ലാത്തതിനാല്‍ കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ ജല നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സിറ്റി അറിയിച്ചു.
പ്രദേശത്ത് കെട്ടിക്കിടക്കുന്ന വെള്ളം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പരിശോധിക്കാനും ശ്രമിക്കുന്നുണ്ടെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും സിറ്റി എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ നിന്ന് മേയര്‍ ജ്യോതി ഗോണ്ടെക്ക് അറിയിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുളിക്കാനോ തുണി കഴുകാനോ, പാത്രങ്ങള്‍ കഴുകാനോ ചെയ്യരുതെന്ന് സിറ്റി നിര്‍ദ്ദേശിച്ചു. കാല്‍ഗറിയിലുടനീളം സ്‌റ്റേജ് 4 ഔട്ട്‌ഡോര്‍ വാട്ടര്‍ റെസ്ട്രിക്ഷനാണ് നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, ബൗണസിലെ താമസക്കാര്‍ വെള്ളം തിളപ്പിച്ച് ഉപയോഗിക്കേണ്ടതാണെന്ന് അറിയിച്ചു. ജല നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ഡോളര്‍ മുതല്‍ പിഴ ഈടാക്കുമെന്ന് അറിയിച്ചു.