ഡി-ഡേ 80 ആം വാര്‍ഷികം ഫ്രാന്‍സില്‍; അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച് കാനഡ

By: 600002 On: Jun 7, 2024, 8:40 AM

 


ഫ്രാന്‍സില്‍ നടക്കുന്ന ഡി-ഡേ 80 ആം വാര്‍ഷികത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച് കാനഡ. ഡി-ഡേയുടെയും നോര്‍മാണ്ടി യുദ്ധത്തിന്റെയും അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫ്രാന്‍സിലെത്തി. ട്രൂഡോയ്‌ക്കൊപ്പം ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍, വില്യം രാജകുമാരന്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ജൂനോ ബീച്ചിലെത്തി. ബീച്ചിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ കനേഡിയന്‍ പതാകകള്‍ ഉയര്‍ത്തി. ആയിരക്കണക്കിന് പേരാണ് ബീച്ചില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 

ജനക്കൂട്ടത്തിന്റെ മുന്‍നിരയില്‍ കനേഡിയന്‍ സൈനിക യൂണിഫോമില്‍ 13 മുന്‍ സൈനികോദ്യോഗസ്ഥരുണ്ടായിരുന്നു. ഇവരില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതേ കടല്‍ത്തീരത്ത് യുദ്ധത്തെ അതിജീവിച്ച 104 വയസ്സുള്ള മുന്‍ സൈനികോദ്യോഗസ്ഥനും ഉണ്ടായിരുന്നു. യുദ്ധത്തില്‍ പൊലിഞ്ഞ കനേഡിയന്‍ പൗരന്മാരുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

രണ്ടാം ലോക മഹായുദ്ധക്കാലത്ത് 1944 ജൂണ്‍ 6 ന് ഡി-ഡേയില്‍ 14,000 കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഏകദേശം 150,000 ഫ്രഞ്ച് ബീച്ചുകള്‍ ആക്രമിച്ചു. അന്ന് ഏകദേശം 359 കാനേഡിയന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും തുടര്‍ന്നുള്ള മാസങ്ങളിലെ യുദ്ധത്തില്‍ 5,000 പേര്‍ മരിക്കുകയും ചെയ്തു. 1940 ല്‍ ജര്‍മ്മന്‍കാര്‍ ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സിന്റെ വലിയൊരു വിഭാഗം എന്നിവ ആക്രമിക്കുകയും കീഴടക്കുകയും ചെയ്തു. സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ പ്രവര്‍ത്തനങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.