ശസ്ത്രക്രിയ നടത്തിയ രണ്ട് കുട്ടികള്‍ മരിച്ചു; ഹാമില്‍ട്ടണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ടോണ്‍സില്‍, അഡിനോയിഡ് ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തി 

By: 600002 On: Jun 6, 2024, 9:51 AM

 


ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഷെഡ്യൂള്‍ ചെയ്ത ടോണ്‍സില്‍, അഡിനോയിഡ് ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതായി അറിയിച്ചു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം രണ്ട് കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഒരു കുട്ടി മെയ് മാസത്തിലും മറ്റൊരു കുട്ടി ജൂണ്‍ മാസത്തിലും മരിച്ചതായി ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസിന്റെ വക്താവ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്ന് ദിവസമാണ് ഒരു കുട്ടി മരിച്ചത്. രണ്ടാമത്തെ കുട്ടി ശസ്ത്രക്രിയ കഴിഞ്ഞ ഒന്‍പതി ദിവസം കഴിഞ്ഞാണ് മരിച്ചത്. 

രണ്ട് കേസുകളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും ആശുപത്രിയില്‍ നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ടോണ്‍സില്‍, അഡിനോയിഡ് ശസ്ത്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ആശുപത്രി വക്താവ് അറിയിച്ചു. മരണകാരണം ഇതുവരെ ആശുപത്രി വ്യക്തമാക്കിയിട്ടില്ല. മറ്റ് ശസ്ത്രക്രിയകള്‍ ഷെഡ്യൂള്‍ ചെയ്ത അനുസരിച്ച് നടക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മരിച്ച കുട്ടികളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസ്താവനയില്‍ അറിയിച്ചു.