പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

By: 600007 On: Jun 6, 2024, 6:44 AM

 

മെക്സിക്കോ സിറ്റി: പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പനിയും, ശ്വാസം മുട്ടലും, വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മെക്സിക്കോയിലെ കോഴിഫാമുകളിൽ H5N2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലെ H5N1 പടർച്ചയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ മനുഷ്യരിലേക്കുള്ള പക്ഷിപ്പനിയുടെ പകർച്ചാ സാധ്യതകൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി. 59കാരന് വൈറസ് ബാധയേൽക്കാനുള്ള ഉറവിടത്തേക്കുറിച്ച് ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് മെക്സിക്കോയിലെ ആരോഗ്യവകുപ്പും വിശദമാക്കുന്നത്. കോഴി ഫാമുകളിൽ നിന്നോ മറ്റേതെങ്കിലും തരത്തിൽ മൃഗങ്ങളുമായി 59 കാരൻ സമ്പർക്കത്തിൽ വന്നതായി കണ്ടെത്താനായിട്ടില്ല.