ആല്‍ബെര്‍ട്ടയില്‍ അനധികൃത കശാപ്പ്: മൂന്ന് കാല്‍ഗറി സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തിയതായി ആര്‍സിഎംപി 

By: 600002 On: Jun 5, 2024, 12:27 PM

 

 

സതേണ്‍ ആല്‍ബെര്‍ട്ടയില്‍ ആടിന്റെ മാംസം, ഗോമാംസം എന്നിവ അനധികൃതമായി വില്‍പ്പന നടത്തിയതിനും മൃഗങ്ങളെ അനധികൃതമായി കശാപ്പ് നടത്തിയതിനും മൂന്ന് പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി ആര്‍സിഎംപി അറിയിച്ചു. അനധികൃത കശാപ്പും ഇടപാടും നടക്കുന്നുണ്ടെന്നറിഞ്ഞ് 2023 നവംബര്‍ മുതല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് പേര്‍ പിടിയിലാവുന്നത്. കാല്‍ഗറി സ്വദേശികളായ റെയ്ദ് അല്‍നജാര്‍(48), വെയ്ല്‍ അല്‍ഹമാവി(35), അമേര്‍ അല്‍ഹമാവി(35) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 

ചെമ്മരിയാടുകളെയും ആടുകളെയും മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതായി സ്ഥിരീകരിച്ചു. മൃഗങ്ങളെ കശാപ്പ് ചെയ്യാനായി മൗണ്ടന്‍ വ്യൂ, റോക്കി വ്യൂ, വീറ്റ്‌ലാന്‍ഡ് കൗണ്ടി എന്നിവടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലേക്കാണ് കൊണ്ടുപോയതെന്ന് ആര്‍സിഎംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കശാപ്പ് ചെയ്ത മാംസം കാല്‍ഗറിയിലെ സ്റ്റോറുകളിലും റെസിഡന്‍സ് ഏരിയകളിലും എത്തിച്ചു. കശാപ്പ് ചെയ്ത ബീഫും വില്‍പ്പന നടത്തുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിനൊടുവില്‍ ഏഴ് ഹലാല്‍ ഗ്രോസറി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. രണ്ട് ഓണ്‍-ഫാം-സ്ലോട്ടര്‍ ലൈസന്‍സുകളും റദ്ദാക്കി. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാനും വൃത്തിഹീനമായ കശാപ്പ് സ്ഥലങ്ങള്‍ ശുചിയാക്കാനും ഉത്തരവിട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.