സൗജന്യ ക്യാരി-ഓണ്‍ ബാഗ് ഇല്ല; അള്‍ട്രാ ബേസിക് കാറ്റഗറി അവതരിപ്പിച്ച് വെസ്റ്റ് ജെറ്റ് 

By: 600002 On: Jun 5, 2024, 12:03 PM

 


അടിസ്ഥാന ടിക്കറ്റ് നിരക്ക് മാറ്റി പുതിയ ടിക്കറ്റ് നിരക്ക് കാറ്റഗറി അവതരിപ്പിച്ച് വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സ്. അള്‍ട്രാ ബേസിക് കാറ്റഗറി എന്ന പുതിയ നിരക്കില്‍ സൗജന്യ ക്യാരി-ഓണ്‍ ബാഗും യാത്രക്കാര്‍ക്കായുള്ള മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കുന്നു. ഏഴ് ഫെയര്‍ ക്ലാസുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും യാതൊരു സൗകര്യങ്ങളും ഇതില്‍ വാഗ്ദാനം ചെയ്യുന്നില്ലെന്നും കാല്‍ഗറി ആസ്ഥാനമായുള്ള എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

അള്‍ട്രാ ബേസിക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനത്തിന്റെ പിന്‍ഭാഗത്ത് മുന്‍കൂട്ടി നിശ്ചയിച്ച സീറ്റുകള്‍ ലഭിക്കും. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ പോലും സീറ്റ് തെരഞ്ഞെടുക്കുന്നതിന് അധിക പണം നല്‍കേണ്ടി വരും. അധിക തുക നല്‍കി സീറ്റ് തെരഞ്ഞെടുക്കാത്തവര്‍ക്ക് ഓവര്‍ഹെഡ് ബിന്നുകളില്‍ ക്യാരി-ഓണ്‍ ബാഗ് സൂക്ഷിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ സീറ്റിനടിയില്‍ വെക്കാന്‍ തരത്തിലുള്ള ബാഗ് കൊണ്ടുവരാം. കൂടാതെ ട്രാന്‍സ്-ഓഷ്യന്‍ റൂട്ടുകളില്‍ ഒരു ക്യാരി-ഓണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അള്‍ട്രാബേസിക്ക് അവതരിപ്പിച്ചതിലൂടെ റൂട്ടുകളിലുടനീളം നിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വെസ്റ്റ്‌ജെറ്റ് വെബ്‌സൈറ്റില്‍ പറയുന്നു.