ടൊറന്റോയില്‍ വാഹന മോഷണ ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ 561 ശതമാനം വര്‍ധിച്ചു 

By: 600002 On: Jun 5, 2024, 11:23 AM

 

 

കഴിഞ്ഞ വര്‍ഷം  ടൊറന്റോയില്‍ വാഹന മോഷണ ക്ലെയ്മുകള്‍ കുതിച്ചുയര്‍ന്നതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ(ICB). 2018 ല്‍ 56 മില്യണ്‍ ഡോളര്‍ ഉണ്ടായിരുന്നതില്‍ നിന്നും 561 ശതമാനം ഉയര്‍ന്ന് 372 മില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഇന്‍ഷുറന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും ഒന്റാരിയോയിലുടനീളവും വാഹന മോഷണം മൂലമുള്ള ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ ഉയര്‍ന്നു. 

അഞ്ച് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 524 ശതമാനം വര്‍ധനയില്‍ കഴിഞ്ഞ വര്‍ഷം പ്രവിശ്യയില്‍ ആദ്യമായി വാഹനമോഷണ ക്ലെയ്ുകള്‍ ഒരു ബില്യണ്‍ ഡോളറിലെത്തി. വാഹനമോഷണ ഇന്‍ഷുറന്‍സ് ക്ലെയ്മുകളില്‍ ഒന്റാരിയോയിലെ നഗരങ്ങളുടെ പട്ടികയില്‍ ടൊറന്റോ ഒന്നാം സ്ഥാനത്ത് തുടരുന്നതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ അറിയിച്ചു. 

പ്രവിശ്യയില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതായി ഐസിബി പറയുന്നു. വാഹന മോഷണത്തിലൂടെ ലഭിക്കുന്ന പണം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി മുന്നറിയിപ്പ് നല്‍കി. 

പ്രവിശ്യയിലുടനീളം വാഹന മോഷണ ക്ലെയ്മുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്‍ഷുറന്‍സ് ബ്യൂറോ ഒന്റാരിയോ ആന്‍ഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആവശ്യപ്പെട്ടു.