കനേഡിയന്‍ രാഷ്ട്രീയത്തിലെ വിദേശ ഇടപെടല്‍: ചില പാര്‍ലമെന്റ് അംഗങ്ങള്‍ കൂട്ടുനിന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

By: 600002 On: Jun 5, 2024, 10:41 AM

 


ഇന്ത്യ, ചൈന പോലുള്ള വിദേശ സര്‍ക്കാരുകളെ കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ചില പാര്‍ലമെന്റ് അംഗങ്ങള്‍ ബോധപൂര്‍വ്വം സഹായിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി കനേഡിയന്‍ ഇന്റലിജന്‍സ് വിഭാഗം. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കാനഡയുടെ ജനാധിപത്യത്തില്‍ ഇടപെടാന്‍ ശ്രമിച്ച വിദേശ രാജ്യങ്ങള്‍ക്ക് നിരവധി ഫെഡറല്‍ രാഷ്ട്രീയക്കാര്‍ സഹായം നല്‍കിയത് സംബന്ധിച്ച് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി ഓഫ് പാര്‍ലമെന്റേറിയന്‍സിന്റെ(NSICOP) റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിദേശ ഇടപെടല്‍ പ്രധാനമായും ഇന്ത്യയും ചൈനയുമാണ് നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

ചില പാര്‍ലമെന്റ് അംഗങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും വിദേശ രാജ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. വിദേശ സര്‍ക്കാരുകള്‍ക്ക് രഹസ്യം കൈമാറുന്നത് ഉള്‍പ്പെടെയുള്ള വിദേശ ഇടപെടല്‍ പ്രവര്‍ത്തനങ്ങളില്‍ സിറ്റിംഗ് പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കാളികളായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു എംപി വിദേശ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

വിദേശ ഇടപെടലിനെ കൂടുതല്‍ ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 2018 മുതല്‍ കനേഡിയന്‍ സര്‍ക്കാരിന് അറിയാമായിരുന്നു. എന്നാല്‍ ലിബറല്‍ സര്‍ക്കാര്‍ ഇതിനെ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിഷയം ഗൗരവതരമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തില്ലെന്നും മന്ദഗതിയില്‍ പ്രതികരിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും കാനഡ വരും വര്‍ഷങ്ങളില്‍ അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.