മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടാല്‍ വെള്ളിയാഴ്ച ഉച്ചയോടെ അതിര്‍ത്തി സമരം തുടങ്ങും: കനേഡിയന്‍ ബോര്‍ഡര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ 

By: 600002 On: Jun 5, 2024, 9:33 AM

 

 

മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വെള്ളിയാഴ്ച ഉച്ചയോടെ അതിര്‍ത്തിയില്‍ പണിമുടക്ക് ആരംഭിക്കുമെന്ന് ആയിരക്കണക്കിന് കനേഡിയന്‍ ബോര്‍ഡര്‍ വര്‍ക്കേഴ്‌സിനെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ അറിയിച്ചു. സമരവും അതിര്‍ത്തിയില്‍ നേരിടുന്ന തടസ്സങ്ങളും ഒഴിവാക്കാമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതിന് വെള്ളിയാഴ്ച നാല് മണി വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും കാനഡ പബ്ലിക് സര്‍വീസ് അലയന്‍സ് പറയുന്നു. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന 9,000 ത്തിലധികം യൂണിയന്‍ അംഗങ്ങളാണ് കോണ്‍ട്രാക്റ്റില്ലാതെ ജോലി ചെയ്യുന്നത്. 

മറ്റ് നിയമനിര്‍വ്വഹണ ഏജന്‍സികളുമായുള്ള വേതന തുല്യത, ഫ്‌ളെക്‌സിബിള്‍ ടെലിവര്‍ക്ക്, റിമോട്ട് വര്‍ക്ക് ഓപ്ഷന്‍സ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ജോലി സ്ഥലത്തെ സുരക്ഷ എന്നിവ സംബന്ധിച്ചുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് യൂണിയന്‍ പറയുന്നു. തിങ്കളാഴ്ച ഇരുവിഭാഗങ്ങളും തമ്മില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത് ഫലം കണ്ടിരുന്നില്ല.