മദ്യപിക്കാതെ ശരീരം മദ്യ ലഹരിയിലാകുന്നു; കാനഡയില്‍ 50 വയസ്സുകാരിക്ക് അത്യപൂര്‍വ രോഗം സ്ഥിരീകരിച്ചു 

By: 600002 On: Jun 5, 2024, 8:54 AM

 

കാനഡയില്‍ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം 50 വയസ്സുകാരിയില്‍ സ്ഥിരീകരിച്ചു. മദ്യം ഉപയോഗിക്കാതെ തന്നെ മദ്യപരുടെ ശരീരാവസ്ഥ ഉണ്ടാകുന്ന രോഗമാണ് ഇത്. രോഗം ബാധിച്ച സ്ത്രീ രണ്ട് വര്‍ഷത്തിനിടെ ഏഴ് തവണ രോഗവുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. മദ്യോപയോഗം ഇല്ലാതിരുന്ന ഇവര്‍ മദ്യ ലഹരിയില്‍ ആകുന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം എന്ന ഈ അപൂര്‍വ രോഗാവസ്ഥയെക്കുറിച്ച് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വര്‍ഷങ്ങളോളമായി ഈ രോഗവുമായി ബുദ്ധിമുട്ടിലാണ് സ്ത്രീ. ഭക്ഷണം തയാറാക്കുമ്പോള്‍ പെട്ടെന്ന് ഉറങ്ങിപ്പോകുന്ന അവസ്ഥ ഇവരിലുണ്ടാകുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെ ഇതുവരെ 20 പേര്‍ക്ക് മാത്രമാണ് ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ശരീരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്‌സ് പുളിക്കുകയും തുടര്‍ന്ന് എഥനോളിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ഗട്ട് ഫെര്‍മന്റേഷന്‍ എന്നും ഇതിന് പേരുണ്ട്. ശരീരത്തില്‍ എഥനോളിന്റെ അളവ് ഉയരുമ്പോള്‍ സ്വാഭാവികമായും മദ്യപരുടെ ശരീരവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. 

രോഗം ബാധിച്ച സ്ത്രീക്ക് ഡയറ്റീഷ്യന്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണവും ആന്റി ഫംഗല്‍ തെറാപ്പിയും നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, മാംസം എന്നിവ കഴിച്ചു. എന്നാല്‍ രോഗലക്ഷണങ്ങള്‍ പതുക്കെ മാറി വീണ്ടും കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗം വീണ്ടും മടങ്ങിയെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.