കാനഡ ഫാര്‍മകെയര്‍ ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കി, ഇനി സെനറ്റിലേക്ക് 

By: 600002 On: Jun 4, 2024, 12:42 PM

 

 

ലിബറല്‍ സര്‍ക്കാരിന്റെ ഫാര്‍മകെയര്‍ ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പാസാക്കി. തേഡ് റീഡിംഗിലാണ് ബില്‍ പാസാക്കിയത്. ഇനി സെനറ്റിന്റെ അംഗീകാരത്തിനായി വിടും. കാലങ്ങളായുള്ള കാനഡയിലെ പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും വലിയ വിപുലീകരണങ്ങളില്‍ ഒന്നാണിത്. ഫാര്‍മകെയര്‍ നിയമനിര്‍മാണം മരുന്നുകളുടെ ഉയര്‍ന്ന വില മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിയമനിര്‍മാണത്തിലൂടെ  ചില ഗര്‍ഭനിരോധന, പ്രമേഹ മരുന്നുകള്‍ വാങ്ങിക്കുന്നവര്‍ക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നു. ഭാവിയില്‍ പൂര്‍ണമായി സാര്‍വത്രിക ഫാര്‍മകെയര്‍ പ്രോഗ്രാമിന് കളമൊരുക്കുകയും ചെയ്യും. പ്രവിശ്യാ, പ്രാദേശിക സര്‍ക്കാരുകളുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഏത് മരുന്നുകളാണ് കവറേജിന്‍ ഉള്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി ഇതുവരെ വ്യക്തമായിട്ടില്ല. 

ബില്‍ പാസാക്കികഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പ്രോഗ്രാം പ്രാവര്‍ത്തികമാക്കാന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ഹോളണ്ടിന് പ്രവിശ്യകളും ടെറിറ്ററികളുമായും ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയും.