ക്യുബെക്കില്‍ വില്ലന്‍ചുമ പടരുന്നു; ഹോസ്പിറ്റല്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു 

By: 600002 On: Jun 4, 2024, 12:22 PM

 


ക്യുബെക്കില്‍ വില്ലന്‍ ചുമ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇവരില്‍ മിക്കവരും സ്‌കൂള്‍ പ്രായത്തിലുള്ളവരാണ്. ലാബില്‍ പരിശോധനയ്ക്കായെത്തുന്നവരുടെ ഫലം ഭൂരിഭാഗവും പോസിറ്റീവാണെന്നും അത്യാഹിത വിഭാഗങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. ജെസ്സി പാപെന്‍ബര്‍ഗ് പറഞ്ഞു. 

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024 ല്‍ ഇതുവരെ 1,171 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളില്‍ 20 പേര്‍ ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ്. വില്ലന്‍ ചുമ ബാധിച്ചുള്ള മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

യൂറോപ്പിലും വില്ലന്‍ ചുമ പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വില്ലന്‍ചുമയിലെ ക്രമാതീതമായ വര്‍ധന ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്കാണ് വഴിവെക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നതിനാല്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ജലദോഷം പോലെ ആരംഭിച്ച് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ചുമയായതിനാല്‍ ഇതിനെ 100 ദിവസത്തെ ചുമയെന്നും വിളിക്കുന്നു. 

കഠിനമായ ചുമയാണ് പ്രധാന ലക്ഷണം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വാക്‌സിനേഷനാണ് അണുബാധയുടെ വ്യാപനം തടയുന്നതില്‍ ഉചിതമായ മാര്‍ഗം.