ടൊറന്റോ സ്‌കൂളിന് പുറത്ത് വെടിവെപ്പ്: ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരുക്കേറ്റു 

By: 600002 On: Jun 4, 2024, 10:50 AM

 


ഞായറാഴ്ച വൈകിട്ട് നോര്‍ത്ത്‌വെസ്റ്റ് ടൊറന്റോയിലെ സ്‌കൂളിന് പുറത്ത് നട വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഫിഞ്ച് അവന്യൂ വെസ്റ്റിന് സമീപം കിപ്ലിംഗ് അവന്യു, മൗണ്ട് ഒലിവ് ഡ്രൈവില്‍ രാത്രി 10.53 നാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് വെടിയേറ്റ അഞ്ച് പേരെ കണ്ടെത്തി. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി. വെടിയേറ്റവര്‍ 40 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. പരുക്കേറ്റ നാല് പേരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. 

നോര്‍ത്ത് ആല്‍ബിയോണ്‍ കൊളിജീയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പാര്‍ക്കിംഗ് സ്ഥലത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂളും ഓണ്‍-സൈറ്റ് ഡേകെയറും അടച്ചിടുമെന്ന് ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് അറിയിച്ചു. വെടിവെപ്പിനുണ്ടായ കാരണമെന്താണെന്നോ പ്രതിയെക്കുറിച്ചോ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രണം ചെയ്ത കുറ്റകൃത്യമാണോയെന്നതിനും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.