നയാഗ്ര റീജിയണില്‍ നിന്ന് യുഎസ് അതിര്‍ത്തി അനധികൃതമായി കടക്കാന്‍ ശ്രമിച്ച ചൈനീസ് യുവതി പിടിയില്‍ 

By: 600002 On: Jun 4, 2024, 9:55 AM

 

 

നയാഗ്ര റീജിയണില്‍ നിന്നും യുഎസ് അതിര്‍ത്തി അനധികൃതമായി കടക്കാന്‍ ശ്രമിച്ച ചൈനീസ് വംശജയായ യുവതിയെ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സിബിപി) അറിയിച്ചു. മെയ് 25 ന് ഒന്റാരിയോയിലെ ഫോര്‍ട്ട് ഇയറി ഇന്റര്‍നാഷണല്‍ റെയില്‍റോഡ് ബ്രിഡ്ജ് വഴിയാണ് യുവതി അതിര്‍ത്തി കടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാല്‍നടയായാണ് യുവതി വന്നതെന്നും അതിര്‍ത്തി കടന്നതും അവിടെ കാത്തിരുന്ന വാഹനത്തില്‍ കയറി പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരും സിബിപി ഉദ്യോഗസ്ഥരും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് മനുഷ്യക്കടത്താണെന്നും സിബിപി അറിയിച്ചു. ന്യൂയോര്‍ക്കിലെ ബഫല്ലോയിലേക്ക് കടക്കാനായിരുന്നു ശ്രമം. 

യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് യുവതിക്കെതിരെ കേസെടുക്കുകയും കാനഡയിലേക്ക് മടക്കിവിടുകയും ചെയ്തു. അതേസമയം, യുവതിക്കൊപ്പം അറസ്റ്റിലായ ഡ്രൈവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.