പ്രകൃതിദുരന്ത സാധ്യത: ആല്‍ബെര്‍ട്ട തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നു

By: 600002 On: Jun 3, 2024, 12:29 PM

 

 

പ്രകൃതി ദുരന്ത സാധ്യതകള്‍ നേരിടുന്നതിനാല്‍ ഇതൊഴിവാക്കാന്‍ ആല്‍ബെര്‍ട്ട സ്പ്രിംഗ് ഇലക്ഷന്‍ ഡേറ്റ് മാറ്റുന്നു. ഇത് സംബന്ധിച്ച നിയമനിര്‍മാണം പ്രവിശ്യാ സര്‍ക്കാര്‍ പാസാക്കി. ഇതനുസരിച്ച്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് സമാനമായ ഫോര്‍മാറ്റ് പിന്തുടരുന്ന ആല്‍ബെര്‍ട്ടയുടെ ഫിക്‌സ്ഡ് ഇലക്ഷന്‍ ഡേറ്റ് മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയില്‍ നിന്നും ഒക്ടോബറിലെ മൂന്നാമത്തെ തിങ്കളാഴ്ചയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണെന്ന് തിയതി മാറ്റത്തെക്കുറിച്ച് സംസാരിച്ച പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മെയ് മാസം കാട്ടുതീ വ്യാപിക്കുന്ന സമയമാണ്. ആളുകളുടെ കുടിയൊഴിപ്പിക്കലും തീ നിയന്ത്രണ വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങളും കാട്ടുതീ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലുമൊക്കെയായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുക. അതിനാല്‍ ഈസമയം ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് അപ്രായോഗികവും വെല്ലുവിളി നിറഞ്ഞതുമായിരിക്കുമെന്ന് സ്മിത്ത് സൂചിപ്പിച്ചു. 

അടിയന്തര സാഹചര്യങ്ങളോട് മികച്ച രീതിയില്‍ പ്രതികരിക്കാന്‍ പ്രവിശ്യയെ സഹായിക്കുന്നതിനായാണ് സ്മിത്ത് കഴിഞ്ഞ മാസം ആല്‍ബെര്‍ട്ട നിയമസഭയില്‍ എമര്‍ജന്‍സി സ്റ്റാച്യൂസ് അമെന്‍ഡ്‌മെന്റ് ആക്ട് 2024, ബില്‍ 21 അവതരിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നയങ്ങളിലെ മാറ്റങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നു. ഇത് സാഹചര്യങ്ങള്‍ പരിഗണിക്കുന്ന പ്രാദേശിക അടിയന്തര പ്രതികരണ ശ്രമങ്ങള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ പ്രവിശ്യയെ അനുവദിക്കും.